പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ഡോ: പികെ മുസ്തഫ ഹാജി

വിദേശത്തും സ്വദേശത്തും നിരവധി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പികെ സ്റ്റാർ ഗ്രൂപ്പിന്റെ അമരക്കാരൻ. അലവിക്കുട്ടി ഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും ആദ്യത്തെ മകനായി 1970 മെയ് 15 നാണ് ജനനം. പ്രാരാബ്ദം കാരണം സ്‌കൂൾ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒരു കുടുംബ സുഹൃത്തിന്റെ സഹായത്തോടെ 1989 ൽ ബോംബെയിൽ എത്തി. ആയിടക്ക് അവിചാരിതമായാണ് ഒബ്‌റോയ് നക്ഷത്ര ഹോട്ടലിൽ ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. മാന്യമായ വേഷമോ ആവശ്യമായ പ്രമാണങ്ങളോ ഒന്നുമില്ലാതെയാണ് ഇന്റർവ്യൂവിന് എത്തിയതെങ്കിലും കമ്പനിയുടെ GM അബൂ സാലിഹിന് മുസ്‌തഫയുടെ നിഷ്കളങ്കതയും ചടുലതയും നന്നേ ഇഷ്ടപ്പെട്ടു. ജീവിതത്തിലെ വഴിത്തിരിവായി മാറിയ ആ ഇന്റർവ്യൂവില്‍ സെലക്ഷന്‍ നേടി 1989 ഒക്ടോബർ 2 ന് ദോഹ എയർപോർട്ടിൽ മുസ്‌തഫ വിമാനമിറങ്ങി.

തെയ്‌സീർ കമ്പനിയിൽ 500 റിയാൽ ശമ്പളത്തിൽ ഇന്ധനം നിറക്കുന്ന ജോലിയിൽ പ്രവേശിച്ചു. പത്ത് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആത്മാർത്ഥത ബോധ്യപ്പെട്ട കമ്പനി അധികൃതർ സെയിൽസ് ഡിപ്പാർട്മെന്റിലേക്ക് പ്രൊമോഷന്‍ നൽകി. അവിടെനിന്നാണ് ബിസിനസിന്റെ എല്ലാ തന്ത്രങ്ങളും അദ്ദേഹം സ്വായത്തമാക്കിയത്. സ്പോൺസർ ഖലീഫ അബ്ദുൽ റഹ്‌മാന്റെ സഹായത്തോടെ 2006 ൽ PK സ്റ്റാർ ഗ്രൂപ്പിന്റെ ആദ്യത്തെ സംരംഭമായ സ്റ്റാർ കാർ വാഷിന് തുടക്കം കുറിച്ചു. ബിസിനസ്സില്‍ വെച്ചടി വെച്ചടി മുന്നേറിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പരീക്ഷണം കിഡ്നി രോഗത്തിന്റെ രൂപത്തില്‍ പിടികൂടിയെങ്കിലും അദ്ദേഹം തളര്‍ന്നില്ല. അസാധാരണമായ ഇച്ഛാശക്തിയോടെ ജീവകാരുണ്യ രംഗത്തും മത രംഗത്തും തുല്യതയില്ലാത്ത സേവനങ്ങളിലൂടെ അദ്ദേഹം ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്നു. അടക്കാകുണ്ടിലെ വാഫി കാമ്പസിന്റെയും ഹിമ ഹോം കെയർ സൊസൈറ്റിയുടെയും നെടുംതൂണാണ് മുസ്തഫ ഹാജി. ഹിമയുടെ ഏക ആംബുലന്സും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമാണ്. പള്ളിശ്ശേരിയിലെ ഹൈടെക് മദ്രസയും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 70 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ മദ്രസ്സയുടെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്. ഖത്തറിലെ മീഡിയ പ്ലസ്‌ ഏര്‍പ്പെടുത്തിയ ഹുമാനിറ്റെറിയന്‍ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ മുസ്തഫ ഹാജിയെ തേടിയെത്തിയിട്ടുണ്ട്.