പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

റബീഉല്‍ ഇസ്ലാം മദ്രസ്സ പള്ളിശ്ശേരി

തലമുറകള്‍ക്ക് ഇസ്ലാമിക വിദ്യാഭ്യാസം പകര്‍ന്ന് നല്‍കിയ മദ്രസ്സ 1954ലാണ് പിറവി കൊണ്ടത്‌. ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കാളികാവ് ജുമഅത്ത് പള്ളിയില്‍ നിന്നും വേര്‍ തിരിഞ്ഞ് സ്വന്തമായി പള്ളി സ്ഥാപിച്ച് പ്രാര്‍ത്ഥന ആരംഭിച്ച കാലത്ത് സ്വന്തമായി ഒരു മത പഠന ശാലയും ഉണ്ടാവണമെന്ന ആശയം മുളച്ചതോടെയാണ് റബീഉല്‍ ഇസ്ലാം മദ്രസയുടെ തുടക്കം. എന്നാല്‍ പള്ളി ആരംഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണ് ഈ ഒരു ആശയം പിറവിയെടുത്തതും അതിനായ് പരിശ്രമങ്ങള്‍ തുടങ്ങിയതും. നാടിന്‍റെ നവോത്ഥാന നായകനായ മദാരി ഇപ്പു മുസ്ലിയാര്‍, കുയ്യംപൊയിലന്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍ ,പൂക്കോടന്‍ കുഞ്ഞലവി മൊല്ല തുടങ്ങിയവരാണ് നാട്ടില്‍ ഒരു മദ്രസ്സ ആരംഭിക്കാം എന്ന ആശയം നാട്ടുക്കര്‍ക്കിടയില്‍ എത്തിച്ചത്. പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായിരുന്ന അക്കാലത്ത് നാട്ടുകാരുടെ ആവിശ്യപ്രകാരം കുന്നത്ത് വലിയ ചേക്കു കാക്ക ഭൂമി വിലക്ക് വാങ്ങി കെട്ടിടം പണിയുന്നതിനാവിശ്യമായ തറയും നിര്‍മ്മിച്ച്‌ നല്‍കി. അതോടെ മദ്രസ്സ പ്രവര്‍ത്തനമാരംഭിച്ചു.

1956 ലാണ് മദ്രസയുടെ ആദ്യ കമ്മറ്റി നിലവില്‍ വന്നത്. കുന്നത്ത് വലിയ ചേക്ക് കാക്ക, മദാരി ഇപ്പു മുസ്ലിയാര്‍, കുയ്യം പൊയിലന്‍ അഹമദ് കുട്ടി മുസ്ലിയാര്‍, കുഞ്ഞലവി മൊല്ല തുടങ്ങിയവരായിരുന്നു കമ്മറ്റി അംഗങ്ങള്‍. മോയിന്‍ മുസ്ലിയാരായിരുന്നു മദ്രസ്സയിലെ പ്രഥമ അദ്ധ്യാപകന്‍. 1956 ഏപ്രില്‍ 11 ന് സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡില്‍ (SKIMVB) രജിസ്റ്റര്‍ ചെയ്ത മദ്രസ്സയിലെ ആദ്യകാല ഉസ്താദുമാരായിരുന്നു പൂതം കോടന്‍ കുട്ടി മമ്മത് മൊല്ല, പൂക്കോടന്‍ കുഞ്ഞലവി മൊല്ല, കണ്ടപ്പന്‍ മൊയിതീന്‍ കുട്ടി മുസ്ലിയാര്‍, പുളിയക്കോടന്‍ മുഹമ്മദ്‌ ( പി കെ ഉസ്ത്താദ്) തുടങ്ങിയവര്‍. ഇവര്‍ക്ക് പിന്‍ഗാമികളായി വന്നവരാണ് പാമ്പുകടിയന്‍ ബീരാന്‍കുട്ടി ഉസ്ത്താദ്, വി കെ എസ് മുഹമ്മദ്‌ കോയ തങ്ങള്‍, മാട്ടുമ്മല്‍ ആലിക്കുട്ടി ഉസ്ത്താദ് തുടങ്ങിയവര്‍. അഞ്ചച്ചവടി റെയിഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ്സയില്‍ നിലവില്‍ ഒന്നാം തരാം മുതല്‍ പത്താം തരാം വരെയുണ്ട്. ഇതേ കമ്മറ്റിക്ക് കീഴില്‍ പാമ്പുകടിയന്‍ മുക്കില്‍ ഒരു ശാഖാ മദ്രസ്സയും പ്രവര്‍ത്തിക്കുന്നുണ്ട്.