പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

മുഹമ്മദാലി

1985 ജനുവരി 25 നാണ് ലോഡിംഗ് തൊഴിലാളിയായിരുന്ന മുഹമ്മദാലി മരണപ്പെടുന്നത്. മരവുമായി വന്ന ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ മരം കെട്ടി വെച്ച കയര്‍ പൊട്ടി മരം ദേഹത്ത് വീണായിരുന്നു അപകടം. ലോറിയില്‍ നിന്നും ഭീമന്‍ തടി കഷണങ്ങള്‍ ദേഹത്ത് പതിച്ച് ഗുരുതരമായി പരിക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് വരെ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. പള്ളിശ്ശേരിയിലെ കരീക്കുന്നന്‍ കമ്മതിന്‍റെയും അണ്ടിക്കാടന്‍ ബീവിയുടെയും മൂന്ന് മക്കളില്‍ ഏക മകനായിരുന്നു മുഹമ്മദാലി. ദാരിദ്ര്യം നിറഞ്ഞ ജീവിത ചുറ്റുപാടില്‍ ജനിച്ച മുഹമ്മദാലി ചെറു പ്രായം തൊട്ടേ കുടുംബത്തിന്‍റെ പ്രാരാബ്ധം കൂടെ ചുമക്കാന്‍ തുടങ്ങിയിരുന്നു. നാടിന്‍റെ പൊതു വിഷയങ്ങളില്‍ സജീവമായിരുന്ന മുഹമ്മദാലിയുടെ വിയോഗം നാടിന് തീരാ നഷ്ടം തന്നെയായിരുന്നു. ആമിന, കദീസ എന്നിവര്‍ സഹോദരിമാരാണ്. ആയിഷ, ആമിന എന്നിവരാണ്‌ ഭാര്യമാര്‍. ജംഷീന, മുബീന, ഹസീന, ഷമീര്‍ എന്നിവരാണ് മക്കള്‍.

അബ്ദുല്‍ സലീം

1997നവംബര്‍ 19 നായിരുന്നു നാടിനെ നടുക്കിയ മുഹമ്മദ്‌ അബ്ദുല്‍ സലീമിന്‍റെ മരണം നടന്നത്. പുളിയക്കോടന്‍ മുഹമ്മദിന്‍റെയും കദിയയുടെയും മകനാണ് നാട്ടുക്കാരുടെ പ്രിയങ്കരനായിരുന്ന മുഹമ്മദ്‌ അബ്ദുല്‍ സലീം എന്ന "സെലി". കായിക രംഗത്ത് സജീവമായിരുന്ന സലീം ഫുട്ബോള്‍ ആരാധകനും കളിക്കാരനുമായിരുന്നു. ചെറു പ്രായം തൊട്ടെ കച്ചവട തല്പരനായിരുന്ന സലിം പള്ളിശ്ശേരി അങ്ങാടിയില്‍ ഒരു ചെറിയ കട നടത്തിയിരുന്നു. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി കൂട്ടുക്കാരനെയും കൂട്ടി കാളികാവിലേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു കാളികാവ് അങ്ങാടിക്ക് സമീപത്ത് നിന്നും ലോറി പാഞ്ഞുകയറി അപകടത്തില്‍ പെടുത്തിയത്. അബ്ദുല്‍ മജീദ്‌, അബ്ദുല്‍ നാസര്‍, അബ്ദുറഹ്മാന്‍, സിറാജ്, ഹബീബ്, ഉമ്മുസല്‍മ, ഹഫ്സത്ത്, റഹ്യാ നത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

കുഞ്ഞാന്‍

ഓട്ടോ തൊഴിലാളിയായിരുന്ന ചുണ്ടംപ്പറ്റ ശിഹാബുദ്ധീന്‍ എന്ന കുഞ്ഞാന്‍ വിട പറഞ്ഞത് 2007 ജൂലായ്‌ 31നായിരുന്നു. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കുഞ്ഞാന്‍റെ സ്നേഹവലയത്തില്‍ പെടുന്നവരായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞാന്‍റെ മരണം അമ്പരപ്പോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. കുറഞ്ഞക്കാലം പ്രവാസം സ്വീകരിച്ച കുഞ്ഞാന്‍ നാട്ടിലെ കലാ സാംസ്ക്കാരിക പരിപാടികളിലെ നിറസാനിദ്ധിമായിരുന്നു. നിലമ്പൂര്‍ ചന്തക്കുന്നില്‍ വെച്ച് റോഡരികില്‍ വിശ്രമിക്കുകയായിരുന്ന കുഞ്ഞാന്‍റെ ഓട്ടോയില്‍ ബസ്സിടിച്ചായിരുന്നു അപകടം ഉണ്ടായത്. മൊയ്തുട്ടിയുടെയും ജമീലയുടെയും രണ്ട് മക്കളില്‍ ഇളയതായിരുന്നു കുഞ്ഞാന്‍. അന്‍വര്‍ സഹോദരനാണ് . സാബിറയാണ് ഭാര്യ. ഷഹന ഷെറിന്‍, മുഹമ്മദ്‌ അന്ഷില്‍, മുഹമ്മദ്‌ അന്ഷിദ് എന്നിവര്‍ മക്കളാണ്.

ഗഫൂര്‍

2009 ഫെബ്രുവരി 14 നായിരുന്നു കരിപ്പായി അബ്ദുല്‍ ഗഫൂര്‍ വിടപറഞ്ഞത്‌. കരിപ്പായി അബ്ദുല്‍ കരീമിന്‍റെയും സൈനബയുടെയും മകനായിരുന്നു ഗഫൂര്‍. സൌദിയില്‍ ജോലി ചെയ്തിരുന്ന ഗഫൂര്‍ നാട്ടിലെത്തി ബന്ധുക്കളെ കാണാന്‍ പോവുന്നതിനിടയിലായിരുന്നു കാളികാവ് കെ എസ് ഇ ബി സബ് സ്റ്റേഷൻ സമീപത്ത് വെച്ച് അപകടം ഉണ്ടായത്. നിലമ്പൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്നു മിനി വാന്‍ ഇടിക്കുകയായിരുന്നു. പിതാവിനെ പോലെ തന്നെ പൊതു രംഗത്ത് വളരെ സജീവമായി സജീവമായി ഇടപെട്ടിരുന്ന ഗഫൂറിന്റെ വിയോഗം നാടിന് വലിയ നഷ്‍ടം തന്നെയായിരുന്നു. അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ സലിം, ഹാരിസ്, സാജിത എന്നിവര്‍ സഹോദരങ്ങളാണ്.

കുഞ്ഞാണി

സദാ സേവന സന്നദ്ധനായിരുന്ന പലേക്കോടൻ ഷബീബ് കുഞ്ഞാണി നാട്ടുകാർക്കെല്ലാം പ്രിയങ്കനായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചിരുന്ന കുഞ്ഞാണി ആർക്കെന്ത് ആവശ്യം വന്നാലും ഓടിയെത്തുന്ന പരോപകാരിയായിരുന്നു. അത് കൊണ്ട് തന്നെ വളരെ വലിയ സൗഹൃദ വലയവും കുഞ്ഞാണിക്കുണ്ടായിരുന്നു. ഏതൊരു ജോലിയും സ്വയം ഏറ്റെടുത്ത് ചെയ്യുന്ന അധ്വാന ശീലനായ ഈ മിടുക്കൻ പ്രവാസിയായിരുന്ന പലേക്കോടൻ അബ്ദുൽ അസീസിന്റെ മകനായിരുന്നു. ജോലിയുടെ ഭാഗമായി അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതാണ് മരണകാരണം. 2018 നവംബർ 10 നാണ് നാടിനെ കണ്ണീരിലാഴ്ത്തിയ മരണം നടന്നത്.