കരുവാരകുണ്ട് കുട്ടത്തിയില്‍ നിന്നും ആരംഭിച്ച് മാളിയേക്കല്‍ പുഴയില്‍ ചേരുന്നതാണ് പള്ളിശ്ശേരി തോട്. 1932ല്‍ കരുവാറ്റ കുടുംബക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും പ്രത്യേക വിധി സമ്പാദിച്ചാണ് പള്ളിശ്ശേരി തോടിനെ ഇന്ന് കാണുന്ന രീതിയില്‍ തോടിനെ വിപുലപ്പെടുത്തിയത്. കാര്‍ഷിക ആവിശ്യത്തിന് കൂടുതല്‍ വെള്ളം സംഭരിക്കുകയെന്ന ലക്ഷ്യത്തെ തുടര്‍ന്നാണ് കോടതിയില്‍ നിന്നും വിധി സമ്പാദിച്ച് തോടിനെ വിപുലീകരിച്ചത്. ഇതിന്‍റെ ഭാഗമായി പള്ളിശ്ശേരി സ്കൂളിന് പുറകിലായി പൂക്കോടന്‍ നാണി ഹാജിയുടെ വീടിന് സമീപത്തായി ഭീമന്‍ മരങ്ങള്‍ കൊണ്ട് തടയണ നിര്‍മ്മിക്കുകയും ചെയ്തു. പില്‍ക്കാലത്ത് സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് തടയണ നിര്‍മ്മിക്കാന്‍ തുടങ്ങിയെങ്കിലും ഇന്നും മരങ്ങള്‍ കൊണ്ട് തടയണ നിര്‍മ്മിച്ചതിന്റെ അവശിഷ്ടങ്ങള്‍ കാണാനാവും. മരങ്ങള്‍ ഉപയോഗിച്ചുള്ള തടയണ തകര്‍ന്നതോടെ കരിങ്കല്‍ കൊണ്ട് തടയണ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അതും തകര്‍ന്ന് പോയി. കൃഷിക്ക് ഊന്നല്‍ നല്‍കികൊണ്ട് ആദ്യമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തടയണ നിര്‍മ്മിക്കുന്നത് 1998 ലാണ്. എന്നാല്‍ ഈ തടയണ കാലപഴക്കത്തെ തുടര്‍ന്ന് ഭലകൂറവുവന്നതോടെ 2006ല്‍ തടയണ വീണ്ടും പുതുക്കി പണിതു .അതാണ് ഇന്ന് കാണുന്ന തടയണ അഥവാ ചിറ. കുട്ടത്തിയില്‍ നിന്നും തുടങ്ങി ഉരലമട പുഴയില്‍ ചേരുന്ന പള്ളിശ്ശേരി തോടിന് 25കിലോമീറ്ററോള്ളം നീളവും 12മീറ്റര്‍ മുതല്‍ 24 മീറ്റര്‍ വരെ വീതിയുണ്ട് . ആമപ്പൊയില്‍ കൂനിയാറയില്‍ നിന്നൊഴുകുന്ന പള്ളിശ്ശേരി ചെറിയ തോട് പട്ടിക്കാടന്‍ വളവില്‍ വെച്ച് പള്ളിശ്ശേരി വലിയ തോടുമായി ചേരുന്നു.
പള്ളിശ്ശേരി ഗവ: എല്‍ പി സ്കൂള്‍ ഗ്രൗണ്ടാണ് പള്ളിശ്ശേരിയിലെ പ്രധാന കളിസ്ഥലം. മിച്ച ഭൂമിയായി കിടന്നിരുന്ന സ്ഥലം 1984 ല്‍ സര്‍ക്കാര്‍ മിച്ചഭൂമി വിതരണ നടപടിയുടെ ഭാഗമായി വിതരണം നടത്താന്‍ തീരുമാനിച്ചിരുന്നു . പുറം നാട്ടുകാരായ ആളുകള്‍ക്ക് 23 സെന്റ് വീതം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കളി സ്ഥലം നഷ്ടപ്പെടുമെന്ന ഭയത്താൽ നാട്ടുകാർ ഭൂമി വിതരണത്തിന് എതിരായിരുന്നു. അതിന്‍റെ ഭാഗമായി ഭൂമി അളക്കാന്‍ എത്തിയിരുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടഞ്ഞു വെക്കുകയും ചെയ്തു .എന്നാല്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗ്രൗണ്ടിനുള്ള സ്ഥലം മാറ്റി വെച്ച് ബാക്കിയുള്ള ഭൂമി വിതരണം നടത്തിയാല്‍ മതിയെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. ഗ്രൗണ്ട് റവന്യൂ ഡിപ്പാർട്മെന്റിൽ നിന്ന് സ്‌കൂളിന്റെ പേരിലേക്ക് മാറ്റാൻ പിന്നീട് പല PTA കമ്മിറ്റികളും ശ്രമം നടത്തിയിരുന്നു. ഒടുവിൽ സ്ഥലം വാർഡ് മെമ്പർ ഹാരിസിന്റെ നേതൃത്വത്തിൽ PTA കമ്മിറ്റി നടത്തിയ ശ്രമം 2019 ൽ വിജയം കണ്ടു.
ബ്രിട്ടീഷ്‌കാരുടെ ഉടമസ്ഥതയിലായിരുന്ന മധുമലയില്‍ റബ്ബര്‍ കൃഷിയോടൊപ്പം ഇരുമ്പ് ഖനനവും നടന്നിരുന്നു. റബര്‍ കൃഷി ചെയ്യാന്‍ എത്തിയ സായിപ്പാണ് മധു മലയില്‍ മൂല്യം കൂടിയ ഇരുമ്പിന്‍റെ അംശം ഉണ്ടെന്ന് മനസിലാക്കിയിരുന്നത്. സാങ്കേതിക വിദ്യകള്‍ കുറവായ ആകാലത്ത് മനുഷ്യന്‍റെ അദ്ധ്വാനം കൊണ്ട് തന്നെ ഇരുമ്പ് ഖനനം നടത്തി. ഗുണനിലവാരമുള്ള ഇരുമ്പാണ് മധുമലയില്‍ ഉള്ളതെന്ന് മനസിലാക്കിയ സായിപ്പ് കൂടുതല്‍ പരിശോധനക്കായ് കുഴിച്ചെടുത്ത മണ്ണ് ബ്രിട്ടനിലേക്ക് അയച്ചു. എന്നാല്‍ ഗുണനിലവാരം കൂടുതല്‍ ഉണ്ടെന്ന് മനസിലാക്കി മലയിലെ മുഴുവന്‍ സ്ഥലത്തും ഖനനം നടത്തുമെന്ന് ഭയന്ന നാട്ടുക്കാര്‍ കുഴിച്ചെടുത്ത മണ്ണിന്‍റെ വീര്യം കുറക്കാന്‍ സായിപ്പറിയാതെ പൂച്ചപ്പോയില്‍ ഭാഗത്ത് നിന്നുള്ള മണ്ണ് കലര്‍ത്തിയിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. മധുമലയുടെ താഴ് ഭാഗത്ത് ഇന്ന്‍ പാപ്പറ്റ കുടുംബം താമസിക്കുന്ന ഭാഗത്താണ് ഖനനം നടത്തിയിരുന്നത്. കുഴിച്ചെടുത്ത ഭാഗം ഇന്നും നിലനില്‍ക്കുന്നു. ഇരുമ്പ് കുഴിച്ചെടുത്ത കുഴി എന്നതിനാല്‍ അന്നു മുതല്‍ അതിനെ 'അയിര് മട' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ പില്‍ക്കാലത്ത് ചരിത്രം തലമുറയ്ക്ക് കൈ മറി വന്നതോടെ പല തെറ്റിദ്ധാരണകളാല്‍ 'നരി മട' യെന്ന പേരില്‍ മാറ്റി വിളിക്കാന്‍ തുടങ്ങി. കുഴിച്ചെടുത്ത ഇരുമ്പ് ജല ലഭ്യത കണക്കിലെടുത്ത് മൂന്ന് സ്ഥലങ്ങളിലായി നിര്‍മ്മിച്ച ഊത്തലകളില്‍ കൊണ്ട് പോയി ശുദ്ധീകരിച്ച്ഉരുക്കിയെടുത്ത് ബ്രിട്ടനിലേക്ക് കൊണ്ട് പോയി. കാളികാവ് മേഖലയിലെ പല ബ്രിട്ടീഷ് നിര്‍മിത പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മധുമലയില്‍ നിന്നും ഖനനം നടത്തിയ ഇരുമ്പാണ് ഉപയോഗിച്ചിരുന്നത് എന്നും പറയപ്പെടുന്നു. പള്ളിശ്ശേരി സ്കൂളിനു സമീപത്ത് തോടിനോട് ചേര്‍ന്നുള്ള സ്ഥലത്തും മധു മലയുടെ താഴ് ഭാഗത്ത് ഇന്ന് പി കെ ഉസ്താദും കുടുംബവും താമസിക്കുന്ന സ്ഥലത്തും പള്ളിശ്ശേരി തോടും മാളിയേക്കല്‍ പുഴയും ഒന്നിക്കുന്ന ഉരലമടക്ക് സമീപത്തുമാണ് ഊത്തലകള്‍ പ്രവര്‍ത്തിച്ചിരുന്നത് .
പാമ്പുകടിയന്‍ മുക്ക് കുളം പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണുന്ന പ്രധാന ജലസ്രോതസ്സാണ്. സര്‍ക്കാര്‍ സാമ്പത്തിക സാഹയത്തോടെ നിര്‍മ്മിച്ച കുളം 'വലിയ കുളം 'എന്ന പേരിലാണ് അറിയപ്പെടുന്നത്. 1985ല്‍ വണ്ടൂര്‍ NES ബ്ലോക്കിന്‍റെ സഹായത്തോടെയാണ് കുളം നിര്‍മ്മിച്ചത്. പാപ്പറ്റ മൊയിതീന്‍ സൗജന്യമായി നല്‍കിയ 27 സെന്റ് സ്ഥലത്താണ് കുളം നിര്‍മ്മിച്ചിരിക്കുന്നത് .പ്രധാനമായും പ്രദേശത്തെ ആളുകള്‍ കൃഷിക്കും കുളിക്കാനുമായി ഉപയോഗിക്കുന്നു.