പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

സാംസ്കാരികം

പതിറ്റാണ്ടുകൾ മുമ്പ് തന്നെ സാംസ്കാരിക രംഗത്ത് പള്ളിശ്ശേരി വളരെ സജീവമായിരുന്നു. കലാകായിക രംഗങ്ങളിലെന്ന പോലെത്തന്നെ നാടക വേദികളിലും പള്ളിശ്ശേരിക്കാർ നിറഞ്ഞ് നിന്നിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന രാത്രി കല്ല്യാണത്തിന് വരനേയും വധുവിനേയും അനുഗമിക്കുന്ന ''കല്ല്യാണ പാട്ട് സംഘം'' തന്നെ പള്ളിശ്ശേരിയിൽ ഉണ്ടായിരുന്നു. പെട്രോള്‍മാക്സിന്‍റെ മങ്ങിയ വെളിച്ചത്തില്‍ കൈകൊട്ടിപ്പാട്ടുമായി കിലോമീറ്ററുകള്‍ ദൂരം ഈ സംഘം വരനേയും വധുവിനേയും അനുഗമിച്ചിരുന്നു. എരിച്ചിപ്പള്ളി കുഞ്ഞാലന്‍ ഹാജി, കൊമ്പന്‍ വീരന്‍ കുട്ടി, പൂക്കോടന്‍ നാണി ഹാജി തുടങ്ങിയവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. മേലാരിക്കോടന്‍ മുഹമ്മദ്‌, വെന്തോടന്‍ പടിയിലെ കുന്നത്ത് ഹംസ, പട്ടിക്കാടന്‍ മാളു താത്ത, മക്കളായ ജമീല, സുലൈക്ക, പട്ടിക്കാടന്‍ ഇത്തിരുമ്മ, തോളുരന്‍ അബൂബക്കര്‍ തുടങ്ങിയവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍. 1980-85 കാലഘട്ടമായപോഴേക്കും മെല്ലെ മെല്ലെ രാത്രി കല്യാണം നിൽക്കാൻ തുടങ്ങിയതോടെ കല്ല്യാണ പാട്ട് പരിപാടിയും നിന്നു. പിന്നീട് വന്ന പകല്‍ കല്ല്യാണത്തിന്‍റെ തലേ ദിവസം ''മൈലാഞ്ചി കല്ല്യാണ ത്തിന് '' കല്ല്യാണ പാട്ട് പരിപ്പാടികള്‍ നടന്നിരുന്നെങ്കിലും പിന്നെ പിന്നെ അതും വെറും ഭക്ഷണം കഴിച്ച് മടങ്ങുന്ന ചടങ്ങായി മാറി. 90 കളായതോടെ പൂർണ്ണമായും നിലച്ചു. പട്ടിണി താണ്ഡവമാടിയിരുന്ന അക്കാലത്ത് കല്ല്യാണ പാട്ട് സംഘത്തിനെ അനുഗമിച്ച് കുട്ടികളും പോയിരുന്നു. കല്ല്യാണ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നു കുട്ടികള്‍ സംഘത്തിന്‍റെ കൂടെ പോയിരുന്നത്.

ഇതേ കാലത്ത് ഈ ഗ്രാമത്തില്‍ നിലന്നിരുന്ന ഒരു കളിയാണ്‌ 'കാര കളി'. ഏതാണ്ട് കബഡി കളിക്കുന്ന രീതിയിലായിരുന്നു ഈ കളി. കാലുകൊണ്ട്‌ കളം വരച്ച് കളത്തിനകത്തു കയറുന്നയാളെ തല്ലി വീഴുത്തും ഇതായിരുന്നു 'കാര കളി' വെന്തോടം പടിയിലെ മണ്ണയില്‍ കുട്ടു കാക്കയായിരുന്നു കളിയിലെ കേമന്‍.

കലയേയും കായികത്തെയും ഒരു പോലെ സ്നേഹിച്ച എന്‍റെ ഗ്രാമത്തുക്കാര്‍ പുറം നാടുകളിലും കലാ കായിക പരിപ്പാടികള്‍ അവതരിപ്പിച്ചിരുന്നു. പൂതംകോടന്‍ സൈഫുദ്ദീന്‍, പൊട്ടേങ്ങല്‍ കുഞ്ഞാലി, കുട്ടശ്ശേരി ഉമ്മര്‍ തുടങ്ങിയവരുടെ നേത്രത്വത്തില്‍ അക്കാലത്ത്‌ ഒരു നടകസംഘം തന്നെ 80 കളില്‍ പള്ളിശ്ശേരിയിൽ സജീവമായിരുന്നു. പറച്ചിക്കോടന്‍ ഇബ്നു സൂദ്, പറച്ചിക്കോടന്‍ കരീം, അക്കരപ്പറമ്പന്‍ അബ്ദുല്‍ ലത്തീഫ് എന്ന മാനു, കെ പി അസീസ് , എം കെ ഉബൈദുള്ള എന്ന കുഞ്ഞാണി, ചോനാരി ഹമീദ് എന്ന ബാപ്പു, പുതിയത്ത് അലവി, പട്ടിക്കാടന്‍ അബ്ദുല്‍ മജീദ്, പൂക്കോടന്‍ അബ്ദുല്‍ നാസര്‍ എന്ന കുഞ്ഞിപ്പ തുടങ്ങിയവരായിരുന്നു സംഘത്തിലെ മറ്റ് അഭിനേതാക്കള്‍. കുയ്യം പോയിലന്‍ മുഹമ്മദാലി എന്ന കുഞ്ഞാപ്പയായിരുന്നു നാടകങ്ങള്‍ തയ്യാറാക്കിയിരുന്നത്. 90കള്‍ ആയതോടെ കെ വി സുലൈമാന്റെയും ,കെ സി സമദിന്‍റെയും രചനയില്‍ നാടകങ്ങള്‍ അരങ്ങിലെത്താന്‍ തുടങ്ങി. പാമ്പുകടിയന്‍ റഷീദ്, പൂതനാലി നൗഷാദ്, പൂതനാലി ശിഹാബ്, ആറുവിരലന്‍ മുജീബ് തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍. YCSC കലാ നിലയം നിലവില്‍ വന്നതോടെ നാടക സംഘത്തിന് ഏകീകൃത സ്വഭാവം നിലവില്‍ വന്നു. ഇതോടെ വര്‍ഷത്തില്‍ ഒരു നാടകം എന്ന നിലയില്‍ വന്നു. ഈ കാലഘട്ടത്തിലാണ് കെ വി സല്‍മാന്‍, സി ടി നിസാം, പുഴുത്തുണ്ണി അസീബ്, സി പി സിഹാബുദ്ദീന്‍ എന്ന കുഞ്ഞാന്‍, വി കെ എസ് സിറാജ്, സി ഷാജഹാന്‍, സഹോദരന്‍ ഫാരിസ്‌, കെ സി ഫിറോസ്‌ എന്ന ചെറിയാപ്പ, എ പി ശിഹാബ് എന്ന കുഞ്ഞു, ഇ പി സാനു തുടങ്ങിയവർ നാടക രംഗത്ത് എത്തിയത്. ഇപ്പോള്‍ ഗ്രാമിക കലാ സംഘത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു നാടക സംഘം തന്നെ പ്രവര്‍ത്തിക്കുന്നു.