പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ജുമുഅത്ത് പള്ളി


1905 ഒക്ടോബര്‍ മാസം 27 വെള്ളിയാഴ്ചയായിരുന്നു ചരിത്രപരമായ ആ തീരുമാനമെടുത്ത ദിനം. പതിവ് പോലെ ജുമുഅ നമസ്ക്കാരത്തിനായി ആളുകള്‍ പള്ളിയിലേക്ക് പോവാന്‍ തുടങ്ങി. കാളികാവ് ജുമാമസ്ജിദ്‌ ലക്ഷ്യമാക്കിയാണ് നാട്ടുകാരുടെ യാത്ര. വാഹന സൗകര്യം നന്നേ കുറഞ്ഞ കാലമായിരുന്നു അത്. കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന സംഘം കാല്‍നടയായിട്ടായിരുന്നു പോയിരുന്നത്. ചരക്കുമായി പോവുന്ന കാളവണ്ടികളുടെ ചക്രങ്ങള്‍ പതിഞ്ഞ് ചാലായ് മാറിയതായിരുന്നു അക്കാലത്തെ വഴി. വെള്ള കെട്ടുകളും ചെളിയും നിറഞ്ഞ വഴി താണ്ടിയാണ് ആളുകള്‍ പള്ളിയിലേക്ക് പോയിരുന്നത്. ചിലരാകട്ടെ കാളവണ്ടികളില്‍ ഇടം ഒപ്പിച്ചെടുക്കും.


‘’ഇന്നെന്തെങ്കിലും ഒന്ന് തീരുമാനിക്കണം’’ പള്ളിശ്ശേരിയില്‍ നിന്നും പള്ളിയിലേക്ക് പോയവരൊക്കെ പരസപരം ചര്‍ച്ച ചെയ്തായിരുന്നു പോയിരുന്നത്. കാളികാവ് പള്ളിയിലെ പ്രവര്‍ത്തനത്തെ കുറിച്ചായിരുന്നു ചര്‍ച്ച. മത പ്രബോധനത്തിനായി കൊണ്ടോട്ടിയില്‍ നിന്നും മലയോര മേഖലയില്‍ എത്തിയ ‘കൊണ്ടോട്ടി കൈക്കാര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നവരായിരുന്നു അന്ന് കാളികാവ് പള്ളിയിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവര്‍. ഇതേ സമയത്ത് തന്നെ പൊന്നാനിയില്‍ നിന്നുള്ള സംഘവും പ്രദേശത്ത്‌ ഇസ്ലാമിക പ്രബോധനത്തിന് നേതൃത്ത്വം കൊടുക്കുകയും പള്ളിയുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ ആശയപരമായും ആചാര-അനുഷ്ഠാനങ്ങളിലും വെത്യാസം നിലനിന്നിരുന്നു. ഇവര്‍ക്കിടയിലുള്ള അഭിപ്രായ വെത്യാസം വിശ്വാസികളായ സാധാരണക്കാരിലേക്കും പടര്‍ന്നിരുന്നു. ഈ അഭിപ്രായ വെത്യസത്തെ കുറിച്ചായിരുന്നു നാട്ടുകാര്‍ ചര്‍ച്ച ചെയ്തിരുന്നത്.


ഇന്നത്തെ പുല്ലങ്കോട് ,കല്ലാമൂല , മാളിയേക്കല്‍ ,ചാഴിയോട് ,നീലാഞ്ചേരി ,ആമാപൊയില്‍ , തണ്ടുക്കോട് , പള്ളിശ്ശേരി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ കാളികാവ് മഹല്ല്. നമസ്ക്കാരത്തിന് സമയമായി. പള്ളിയില്‍ ആളുകള്‍ നിറഞ്ഞു. പള്ളിയിലെ ആചാര അനുഷ്ടാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പള്ളിയിലും തുടര്‍ന്നു. ചര്‍ച്ച സജീവമായി.... ആകെ ഒച്ചയും ബഹളവും. ‘’നിലവില്‍ പള്ളിയില്‍ തുടര്‍ന്ന് പോരുന്ന കാര്യങ്ങളോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്’’ കൂടി നിന്നവരില്‍ നിന്നും ആരോ പറഞ്ഞു. പിന്നെ ചര്‍ച്ച അതിനെ ചൊല്ലിയായി. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരും മദ്യപാനം പോലുള്ള കാര്യങ്ങള്‍ക്ക് എതിര്‍പ്പില്ലത്തവരും ബ്രിട്ടീഷ് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നവരുമായിരുന്നത്രെ കാളികാവ് പള്ളിയില്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ‘’കൊണ്ടോട്ടി കൈക്കാര്‍’’. മലബാരികള്‍ എന്നും ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നു. എന്നാല്‍ ‘കൊണ്ടോട്ടി കൈക്കാരു’’ടെ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും അവരുടെ നിലപാടിനെതിരെ പ്രാചരണം നടത്തുകയും പുരോഗമന ചിന്തകള്‍ക്ക് ആക്കം കൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു ‘’പൊന്നാനി കൈക്കാര്‍’’.


‘’കാര്യം ഏതായാലും ഇന്നത്തെ നമസക്കാരം കഴിഞ്ഞ് തീരുമാനിക്കാം’’. മറുപടിയായി ആരോ ഉച്ചത്തില്‍ പറഞ്ഞു. എന്നാല്‍ അതംഗീകരിക്കാന്‍ ആളുകള്‍ തയ്യാറായില്ല. അതോടെ പള്ളിയില്‍ കൂടിയവരില്‍ രണ്ട് ചേരിയിലായി. ‘’പൊന്നാനി കൈക്കാര്‍’ കൈക്കൊള്ളുന്ന നിലപാടുകള്‍ പള്ളിയില്‍ തുടരണമെന്നായി നമ്മുടെ നാട്ടുകാര്‍. എന്നാല്‍ ഇതംഗീകരിക്കാന്‍ കാളികാവിലുള്ളവര്‍ ഒരുക്കമല്ലായിരുന്നു. ‘’എന്നാല്‍ നമ്മുക്ക് തിരിച്ച് പോവാം ഇവിടെ തുടരേണ്ട’’ നാട്ടുകാര്‍ തീരുമാനിച്ചു. അതൊരു ചരിത്ര തീരുമാനമായിരുന്നു. ഒരു നാടിന്‍റെ പിറവിക്ക് തന്നെ കാരണമായ തീരുമാനം. അവര്‍ പള്ളിയില്‍ നിന്നിറങ്ങി നാട്ടില്‍ തിരിച്ചെത്തി. ആദ്യം നമ്മുക്ക് നമസ്ക്കരിക്കാന്‍ സ്ഥലം കണ്ടെത്തണം..അതിനെന്ത് ചെയ്യും..? ചര്‍ച്ചകള്‍ സജീവമായി. കുന്നത്ത് ചേക്ക് കാക്കാന്‍റെ അദ്ധ്യക്ഷതയിലായിരുന്നു ചര്‍ച്ച. കണ്ണന്‍കുയ്യന്‍ അലവി , മഠത്തില്‍കുത്ത് ഉണ്ണിചേക്ക്, മങ്കരതൊടിആലി, പറച്ചിക്കോടന്‍ ആലി തുടങ്ങിയവരായിരുന്നു ചര്‍ച്ചയിലുണ്ടായിരുന്നത്. ചര്‍ച്ചക്കൊടുവില്‍ കുന്നത്ത് ചേക്കു കാക്ക തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു. അതോടെ ഇന്ന് പള്ളിശ്ശേരി പള്ളി നില്‍ക്കുന്നിടത്ത് ഒരു പള്ളി പണിത് പ്രാര്‍ഥനകള്‍ ആരംഭിച്ചു. ഒക്ടോബർ 30 നായിരുന്നു നമസ്‌കാരത്തിന് സൗകര്യമായ സ്ഥലം ഒരുക്കിയത്. അതോടെ കാളികാവ് പള്ളിയില്‍ നിന്നും ‘ചേരി തിരിഞ്ഞ്’ പോന്ന എന്‍റെഗ്രാമത്തുക്കാര്‍ ‘’പള്ളി ചേരിക്കാര്‍’’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പില്‍ക്കാലത്ത് ‘പള്ളി ചേരി’ എന്നത് പള്ളിശ്ശേരി എന്ന പേരിലേക്ക് മാറാന്‍ തുടങ്ങിയെന്നാണ് ചരിത്രം.


ഓല കൊണ്ടും മറ്റും കെട്ടിയുണ്ടാക്കിയ ഒരു ഷെഡിലായിരുന്നു ആദ്യം പ്രാര്‍ത്ഥനകള്‍ ആരംഭിച്ചത് പിന്നീട് നാട്ടുകാരുടെ അദ്ധ്വാനത്തിലൂടെ മണ്‍കട്ടകള്‍ നിര്‍മ്മിച്ച് കെട്ടിട രൂപത്തില്‍ പാകപ്പെടുത്തി. പ്രദേശത്തെ പല കുടുംബങ്ങളുടെയും സഹായം തേടി കൂടുതല്‍ സൗകര്യപ്രദമാക്കി. പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്നും ആവിശ്യമായ മരങ്ങള്‍ നല്‍കിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇന്ന് കാണുന്ന നിലയില്‍ പള്ളി വികസിപ്പിക്കുന്നതിന് മുമ്പ് പള്ളിയുടെ അകത്ത് തൂണായി ഉപയോഗിച്ചിരുന്ന ഒറ്റത്തടിയില്‍ തീര്‍ത്ത കൊത്തുപണികള്‍ നിറഞ്ഞ മരതൂണ്‍ ഇന്നും പള്ളിക്കകത്ത്‌ സംരക്ഷിച്ചിട്ടുണ്ട്. പ്രാചീനകാലത്തെ കരവിരുതിന്റെ നിത്യ സ്മാരകമായിട്ടാണ് പള്ളിയില്‍ തൂണ്‍ ഇന്നും സംരക്ഷിക്കുന്നത്. കൊത്തു പണിയുടെ മറ്റൊരു അടയാളമായി പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ‘പെരുമ്പറ’യുടെ കുറ്റിയും പള്ളിശ്ശേരി പള്ളിയില്‍ ഇന്നും സംരക്ഷിക്കുന്നുണ്ട്. വലിയ പനയിലായിരുന്നു ‘പെരുമ്പറ’ നിര്‍മ്മിച്ചിരുന്നത്. പനയുടെ കുറ്റി തുരന്ന് അതിന്‍റെ മുകള്‍ ഭാഗത്ത് മൃഗങ്ങളുടെ തോല്‍ കെട്ടിയതായിരുന്നു ‘പെരുമ്പറ’. മൈക്കും മറ്റ് സൗകര്യങ്ങളും ഇല്ലാതിരുന്ന ആകാലത്ത് ബാങ്ക് സമയം അറിയിക്കാനായിരുന്നു ‘പെരുമ്പറ’ ഉപയോഗിച്ചിരുന്നത്.


മത വിദ്യാഭ്യാസം വളര്‍ത്തുന്നതിന് പള്ളിയുടെ കീഴില്‍ ‘ദര്‍സ്സ്’ അഥവാ മത പാറശാല ആരംഭിച്ചു. കിഴക്കന്‍ ഏറനാട്ടില്‍ തന്നെ ആദ്യം ‘ദര്‍സ്സ്’ ആരംഭിച്ചത് എവിടെയാണെന്ന് പല ചരിത്രാന്വേഷകരും പറയുന്നു. അത് കൊണ്ട് തന്നെ ഇന്ന് കേരളത്തിലുള്ള മിക്ക മുസ്ലിം മത പണ്ഡിതര്‍ക്കും മത പഠനം സ്വന്തമാക്കാന്‍ പള്ളിശ്ശേരി പള്ളി സഹായമായിട്ടുണ്ട്‌. പള്ളിശ്ശേരി പള്ളി നിലവില്‍ വരുന്നതിനു മുമ്പ് പള്ളിശ്ശേരി അങ്ങാടിക്ക് സമീപം ഒരു നമസ്ക്കര പള്ളി നില നിന്നിരുന്നു എന്നാണ് ചരിത്രം. ഇന്ന് കെ.കെ കുഞ്ഞാന്‍ സാഹിബ് താമസിക്കുന്ന വീടിന് സമീപത്തായിരുന്നു ''തട്ട്യ പള്ളി ''എന്നറിയപ്പെട്ടിരുന്ന നമസ്കാര പള്ളി നിലനിന്നിരുന്നത്. 'വുളുഹ്' ചെയുന്നതിന് പള്ളിക്ക് സമീപത്തു വലിയ കുളവും ഉണ്ടായിരുന്നതായി ചരിത്രം വെക്തമാക്കുന്നു. 'മങ്കരകുളം 'എന്നായിരുന്നു ആ കുളം അറിയപ്പെട്ടിരുന്നത്.


കാടേരി അബ്ദുല്‍ കമാല്‍ ഉസ്താദ്‌, കാരക്കുയ്യന്‍ ഏനി മുസ്ലിയാര്‍, മദാരി ഇപ്പു മുസ്ലിയാര്‍, അലി ഹസന്‍ മുസ്ലിയാര്‍, മോയിന്‍ മുസ്ലിയാര്‍, മൊയ്തീന്‍ മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍, സമസ്ത വൈസ് പ്രസിഡണ്ടും മുശാവറ അംഗവുമായിരുന്ന എ.പി മുഹമ്മദ് മുസലിയാര്‍, മുഹമ്മദാലി മുസ്ലിയാര്‍, കുമരംപുത്തൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍, നെല്ലിക്കുത്ത് കുഞ്ഞസ്സന്‍ ഹാജി, VM ബാപ്പുട്ടി ദാരിമി, കുഞ്ഞാലന്‍ മുസ്ലിയാര്‍ തുടങ്ങിയ മഹാ പണ്ഡിതന്‍മാര്‍ പള്ളിശ്ശേരി പള്ളിയില്‍ സേവനം ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ പള്ളികളേക്കാൾ പഴക്കം ചെന്നതും കൂടുതൽ കുടുംബങ്ങൾ ഉൾപ്പെട്ടതുമാണ് ഇന്ന് പള്ളിശ്ശേരി മഹല്ല്. അമ്പലക്കടവ്, പൂച്ചപ്പൊയിൽ, അഞ്ചച്ചവിടി, തണ്ടുകോട് തുടങ്ങിയ പ്രദേശങ്ങളെല്ലാം മുമ്പ് പള്ളിശ്ശേരി മഹല്ലിന്റെ ഭാഗമായിരുന്നു. നിലവിൽ ഏകദേശം 750 ലധികം കുടുംബങ്ങളാണ് മഹല്ലിന് കീഴിലുള്ളത്. പള്ളിക്ക് കീഴിൽ വെന്തോടൻപടിയിലും പുഴമുക്കിലും ബാലവാടിപടിയിലും നമസ്ക്കാര പള്ളികൾ പ്രവർത്തിക്കുന്നുണ്ട്.