പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

മദാരി മുഹമ്മദാലി മാസ്റ്റര്‍

അധ്യാപകന്‍ (റിട്ടയേര്‍ഡ്)

1968-2000


മുഹമ്മദാലി മദാരി എന്ന കുഞ്ഞാപ്പ മാഷ് പളളിശ്ശേരിയിലെ ആദ്യ അധ്യാപകനാണ്. തലശ്ശേരി ദാറുൽ സലാം യത്തീംഖാനയിലും പുല്ലങ്കോട് ഹൈസ്കൂളിലുമായിരുന്നു പഠനം. 1968 കൂരിപ്പൊയിൽ ജി എൽ പി സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് പയ്യാക്കോട് സ്കൂളിലും തുടർന്ന് 1976 വണ്ടൂർ യത്തീംഖാന സ്കൂളിൽ സ്ഥിരമായി ജോലിയിൽ പ്രവേശിച്ചു. പളളിശ്ശേരിയിലേയും വണ്ടൂരിലേയും കുറെ നല്ല ശിഷ്യസമ്പത്ത് നേടി തന്ന അദ്യാപന ജോലിയിൽ നിന്നും 2000 ൽ ജോലിയിൽ നിന്നും വിരമിച്ചു. ചളവ ജി യു പി സ്കൂളിലെ അധ്യാപികയായ സഫ മർവ ഉൾപ്പെടെ എട്ട് മക്കളാണ്. പി.ഡി സി ക്കാരിയായ സൈനബ എറിയാടാണ് ഭാര്യ.

കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍

അധ്യാപകന്‍ (റിട്ടയേര്‍ഡ്)

1976-2002


കൊമ്പൻ കുഞ്ഞിമുഹമ്മദ് എന്ന മുൻഷി മാഷ്. ഗൂഡല്ലൂർ ഗവ സ്കൂളിലെ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം തലശ്ശേരി ദാറുൽ ഹുദയിൽ വിദ്യഭ്യാസം പൂർത്തിയാക്കി. 1976 ൽ തലശ്ശേരി ഗവ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് 2002 ൽ വേങ്ങരയിലെ ഗവ സ്കൂളിൽ നിന്നും വിരമിച്ച ശേഷം നാട്ടിലെ പൊതുപ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു. പള്ളിശ്ശേരി ജുമുഅത്ത് പള്ളിയുടെ സെക്രട്ടറിയായിട്ട് അഞ്ച് വർഷവും ആർ ഐ എം മദ്രസ്സയുടെ സെക്രട്ടറിയായി ആറു വർഷവും പ്രവർത്തിച്ചു. ഇന്നുള്ള മദ്രസ്സ കെട്ടിട നിർമ്മാണം ഈ കാലഘട്ടങ്ങളിലാണ് ആരംഭിച്ചത്. കൊമ്പൻ അഹമ്മദ് കുട്ടി യുടെയും പുളിയക്കോടൻ പാത്തുവിൻ്റെ നാലു മക്കളിലാണ് മുന്നാമത്തെ മകനായിരുന്നു. മുഹ്സിന് മുബീന എന്നിവർ മക്കളാണ്. ഒറ്റപ്പാലത്തെ വലിയ തറവാട് കുടുംബാഗം ആയ മാട്ടുമ്മൽ റഹ്മത്ത് ബീവിയാണ് ഭാര്യ.

പൂക്കോടൻ മുഹമ്മദലി മാസ്റ്റര്‍

അധ്യാപകന്‍ (റിട്ടയേര്‍ഡ്)

-2015


പളളിശ്ശേരി GLP സ്കൂളിലായിരുന്നു ബാപ്പുട്ടി മാഷ് എന്ന മുഹമ്മദലി മാസ്റ്ററുടെ പ്രാഥമിക സ്‌കൂൾ പഠനം. കാളികാവ് യു .പി സ്കൂലെ പഠനത്തിന് ശേഷം തിരൂരങ്ങാടി പി.എസ്.എം.ഒ യതീംഖാനയിലേക്ക് പോയി. പാണ്ടിക്കാട് ഒരു എയ്ഡഡ് സ്കൂളിലായിരുന്നു ആദ്യമായി താൽക്കാലിക ജോലിയിൽ പ്രവേശിച്ചത്. പിന്നീട് കാസർകോട് ജില്ലയിൽ പി.എസ്.സി യിലൂടെ സ്ഥിര നിയമനം ലഭിച്ചു. 2000 മുതൽ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത് 2015 ൽ അടക്കാകുണ്ട് എൽ പി സ്കൂളിൽ നിന്നും വിരമിച്ചു. പളളിശ്ശേരി സ്കൂളിലെ ജീവനക്കാരിയായിരുന്ന ആമിൻ താത്തയുടെയും പൂക്കോടൻ കുഞ്ഞലവി മൊല്ലായുടെയും ആൺ മക്കളിൽ മൂത്തവനാണ്. ഭാര്യ ആത്തിക്ക ചാഴിയോട്. നാല് മക്കളുണ്ട്.

കരിപ്പായി ശംസുദ്ധീന്‍

HSA അധ്യാപകന്‍ (റിട്ടയേര്‍ഡ്)

1995-2018


പരേതനായ കരിപ്പായി അഹമ്മദ് കുട്ടി മൗലവിയുടെയും ആയിഷയുടെയും മകനായ ഷംസുദ്ധീൻ പ്രാഥമിക പഠനം പൂർത്തിയാക്കിയത് GLPS പള്ളിശ്ശേരി, GUPS കാളികാവ്, GHS പുല്ലങ്കോട് എന്നിവടങ്ങിലാണ്. അഫ്ദലുൽ ഉലമ എൻട്രൻസ് പാസായ ശേഷം 1979 ലാണ് മമ്പാട് MES കോളേജിൽ ചേർന്നത്. 1981 ൽ PDC യും 1984 ൽ അറബിക് & ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദവും നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്നാണ് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. 1992 ൽ BEd ബിരുദവും നേടി. എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തുവ്വൂർ, പാണ്ടിക്കാട്, കരുവാരകുണ്ട് ഹൈസ്കൂളുകളിൽ ജോലി ചെയ്‌തു. 1995 ലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിൽ അസിസ്റ്റന്റായി സർക്കാർ ജോലിയിൽ പ്രവേശിച്ചത്. 1998 ൽ വണ്ടൂർ ഗേൾസ് ഹൈസ്‌കൂളിലേക്ക് HSA അധ്യാപകനായി ജോലി മാറുകയും 2018 ൽ വിരമിക്കുന്നത് വരെ ജോലിയിൽ തുടരുകയും ചെയ്‌തു. വണ്ടൂർ VMC GHSS ൽ HSA ആയി ജോലി ചെയ്യുന്ന ഇ.പി ബുഷ്റയാണ് ഭാര്യ. ബാംഗ്ലൂരിൽ IT എൻജിനീയറായി ജോലി ചെയ്യുന്ന മുഹമ്മദ് ഷാഹിദ്, കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ MBBS ന് പഠിച്ച് കൊണ്ടിരിക്കുന്ന മനീഷ ഷാദിൻ, വിദ്യാർത്ഥികളായ മുഹമ്മദ് ശാമിൽ, ഷഹാന എന്നിവരാണ് മക്കൾ.

C. ഹരിദാസന്‍

ഫോറസ്റ്റ് ഓഫീസര്‍ (റിട്ടയേര്‍ഡ്)

1996-2019


പള്ളിശ്ശേരി GLPS, കാളികാവ് GUPS, പുല്ലങ്കോട് GHS എന്നിവിടങ്ങളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഞ്ചേരി NSS കോളേജിൽ നിന്നും PDC, BSc (Mathematics), MSc (Maths.Private) വിദ്യാഭ്യസം നേടി. ശേഷം 10 വർഷത്തോളം സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്തു. പിന്നീടാണ് PSC പരീക്ഷ വിജയിച്ച് 1996 ല്‍ വനം വകുപ്പിൽ ഫോറസ്റ്റ് ഗാര്‍ഡായി മാറിയത്. നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകൾ, തിരുവനന്തപുരം അരിപ്പ, പാലക്കാട് പറമ്പികുളം, മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവിടങ്ങളിൽ ജോലിചെയ്തു. 2019 ജൂൺ 30ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തിക യിൽ സർവീസി നിന്നും വിരമിച്ചു. അച്ഛൻ വേലു (പടവ്), അമ്മ ചില്ലു. സാവിത്രിയാണ് ഭാര്യ. നിധിൻ, നിധ എന്നിവരാണ് മക്കൾ.

മുഹമ്മദ്‌ ശരീഫ് മാസ്റ്റര്‍

അറബിക് അധ്യാപകന്‍

1999 മുതല്‍ സര്‍വീസില്‍


മദ്രസ്സാധ്യാപകനായിരുന്ന പൊട്ടേങ്ങൽ അബൂബക്കർ മുസ്ലിയാരുടെയും ആയിഷയുടെയും മകനായ മുഹമ്മദ് ശരീഫ് മാസ്റ്റർ പള്ളിശ്ശേരി GLPS ലാണ് നാലാം തരം വരെ പഠിച്ചത്. കാളികാവ് GUPS സ്‌കൂളിൽ 2 വർഷം പഠിച്ചതിന് ശേഷം കരുവാരകുണ്ട് ദാറുന്നജാത്ത് യതീ ഖാനയിലേക്ക് പോയി. നജാത്തിന്റെ കീഴിൽ കരുവാരകുണ്ട് ഗവ: ഹൈസ്‌കൂളിലായിരുന്നു SSLC വരെയുള്ള പഠനം. പിന്നീട് നജാത്തിൽ സ്ഥാപിതമായ അറബിക് കോളേജിൽ നിന്ന് തന്നെ അഫ്ദലുൽ ഉലമ പൂർത്തിയാക്കിയതിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ ഉപരി പഠനത്തിനായി പോയി. പട്ടിക്കാട് നിന്ന് 1996 ൽ ഫൈസി ബിരുദം നേടിയ ശേഷം 2 വർഷം നജാത്ത് അറബിക് കോളേജിൽ ജോലി ചെയ്തു. 1999 ൽ PSC പരീക്ഷ എഴുതി സെലക്ഷൻ ലഭിച്ച് അറബിക് അധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. വെന്നിയൂർ GUPS ൽ 4 വർഷവും നീലാഞ്ചേരി GUPS ൽ 8 വർഷവും കേരള GUPS ൽ 7 വർഷവും ജോലി ചെയ്തു. ഇപ്പോൾ വണ്ടൂർ ഗേൾസ് ഹൈസ്‌കൂളിൽ അറബിക് അധ്യാപകനായി സേവനം ചെയ്യുന്നു.

കരുമാരോട്ട് അസ്‌ലം

സഹകരണ ഓഡിറ്റ് സൂപ്രണ്ട്

2009 മുതല്‍ സര്‍വീസില്‍


കരുമാരോട്ട് കുഞ്ഞി മുഹമ്മദ് മുസ്ലിയാരുടെയും വെള്ളുവമ്പാലി ഉമ്മുസൽമയുടെയും മകനായ അസ്‌ലം പ്രാഥമിക വിദ്യാഭ്യാസം നേടിയത് പള്ളിശ്ശേരി GLP സ്‌കൂളിൽ നിന്നാണ്. SSLC ക്ക് ശേഷം മമ്പാട് MES കോളേജിൽ നിന്ന് PDC യും ഡിഗ്രിയും പി.ജി യും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മഞ്ചേരി സെന്ററിൽ നിന്ന് B Ed ഉം, കോഴിക്കോട് EMS സഹകരണ കോളേജിൽ നിന്ന് HDC യും കരസ്ഥമാക്കി. ഹയർ സെക്കണ്ടറി വകുപ്പിൽ ലാബ് അസിസ്റ്റന്റ് ആയിട്ടാണ് അസ്‌ലം സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. ലാബ് അസിസ്റ്റന്റ് ആയി ജോലി ചെയ്ത് വരവേ സഹകരണ വകുപ്പിൽ LDC യായി നിയമനം ലഭിച്ച് തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസ്, പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, പെരിന്തൽമണ്ണ സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുകയുണ്ടായി. നിലവിൽ നിലമ്പൂർ സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സൂപ്രണ്ട് ആയി സേവനം ചെയ്തു വരുന്നു.

പാമ്പുകടിയന്‍ ജംഷാദ്

കോടതി ആമിന്‍ - മഞ്ചേരി

2009 മുതല്‍ സര്‍വീസില്‍


ഉംറക്ക് പോയി ജോലി നേടി കുടുംബം രക്ഷപ്പെടുമെന്ന ചിന്താഗതിക്കിടയിൽ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് SSLC യും പ്ലസ്ടുവും പാസായത്. പിന്നീട് മമ്പാട് എം ഇ എസ് കോളേജിൽ നിന്ന് എകണോമിക്സിൽ ഡിഗ്രിയും അണ്ണാമല യൂണിവേഴ്സ്റ്റിയിൽ നിന്നും പി.ജിയും നേടി. തുടർ പഠനത്തിന് പണമില്ലാത്തതിനാൽ തുടങ്ങിയ വാശിക്ക് കരുമരോട്ടിൽ അസ്ലം മാഷും സിജിയും എസ് കെ എസ് എസ് എഫ് ഉം കാണിച്ച് തന്ന വഴിയിൽ തുടങ്ങി പോലീസ്, എക്സൈസ്, ബിവറേജ്, കെ എസ് ആർ ടി സി തുടങ്ങിയ ജോലികൾ വേണ്ടെന്ന് വെച്ച് കോടതിയിൽ പ്യൂണായി കയറി. ജംഷാദ് 2009 ലാണ് മഞ്ചേരി കോടതിയിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ചത്. അങ്ങനെ 253 മാർക്ക് മാത്രം നേടിയ പത്താം ക്ലാസ്സുകാരൻ ഇന്ന് ആമീനായി മഞ്ചേരി ജില്ലാ കോടതിയിൽ ജോലി ചെയ്യുന്നു. ഉപ്പ ലോഡിംഗ്‌ തൊഴിലാളിയായിരുന്ന നാലാം ക്ലാസ്സുകാരനായ പാമ്പുകടിയൻ അബ്ദു ഉമ്മ എഴാം ക്ലാസ്സുകാരി ജമീല.

സി.ടി ജിഷാന്‍

അറബിക് അധ്യാപകൻ (ജി.എച്ച്.എസ് അഞ്ചച്ചവടി)

2011 മുതല്‍ സര്‍വീസില്‍


സി.ടി. അബ്ദുളളയുടേയും കുന്നത്ത് ആയിശയുടേയും മകനായ ജിഷാൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത് പള്ളിശ്ശേരി GLP സ്‌കൂളിൽ നിന്നാണ്. SSLC ക്ക് ശേഷം പുളിക്കൽ ജാമിഅ സലഫിയ്യ കോളേജിൽ പഠിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രിയും , കേരള യൂണിവേഴ്സിറ്റി ആലപ്പുഴ സെന്ററിൽ നിന്ന് B Ed ഉം, കേരള യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷനിൽ നിന്ന് MA യും കരസ്ഥമാക്കി. CBSC സ്കൂൾ അധ്യാപകനായിരിക്കെ 2011 ലാണ് ജിഷാൻ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്കൂളിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് 2018 ൽ മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. കുറുമ്പലങ്ങോട് ജി.യു.പി. എസ്, തിരുവാലി ജി. എച്ച്. എസ്. എസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുകയുണ്ടായി. നിലവിൽ അഞ്ചച്ചവടി സ്കൂളിൽ സേവനം ചെയ്തു വരുന്നു. യു പി. അറബിക് ചോദ്യ പേപ്പർ നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ പലതവണ പങ്കെടുത്തിട്ടുണ്ട്. അവധിക്കാല അധ്യാപക പരിശീലനത്തിലെ സറ്റേറ്റ് റിസോഴ്സ് അംഗം, SCRT തയ്യാറാക്കിയ അഡീഷണൽ റീഡിംഗ് മെറ്റീരിയൽ നിർമാണ സമിതിയംഗം, വിക്ടേഴ്സ് ചാനൽ റിസോഴ്സ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പാറാട്ടുകുണ്ടില്‍ മുജീബ്

പഞ്ചായത്ത് ക്ലാര്‍ക്ക്

2016 മുതല്‍ സര്‍വീസില്‍


പാറാട്ടുകുണ്ടില്‍ മുഹമ്മദ് മുസ്ലിയാരുടെയും കുയ്യംപൊയിലൻ പാത്തുമ്മയുടെയും മകനായ മുജീബ് പ്രൈവറ്റ് ആയാണ് SSLC പാസായത്. SSLC ക്ക് ശേഷം മമ്പാട് MES കോളേജിൽ നിന്ന് പ്രീഡിഗ്രിയും അരീക്കോട് MEASS ൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രിയും നേടി. ഗൾഫിൽ ഐടി എൻജിനീയറായി ജോലി നോക്കുന്നതിനിടെ സ്വപരിശ്രമത്തിലാണ് PSC പരീക്ഷ എഴുതുന്നതും വിജയം നേടുന്നതും. ജോലിയിൽ കയറിയെങ്കിലും 2 മാസത്തെ സർവീസിന് ശേഷം അവധിയെടുത്ത് വീണ്ടും ഗൾഫിലേക്ക് തന്നെ മടങ്ങി.

പട്ടിക്കാടന്‍ സഫിയ

കൃഷി വകുപ്പ് ക്ലാര്‍ക്ക്

2016 മുതല്‍ സര്‍വീസില്‍


പള്ളിശ്ശേരി വളവിലെ പട്ടിക്കാടൻ കോയയുടെയും മുതുകാട്ടിൽ ഖദീജയുടെയും മകളായ സഫിയ പ്രാഥമിക വിദ്യാഭ്യാസം നേടിയത് പള്ളിശ്ശേരി ഗവ. എൽ പി സ്കൂളിൽ നിന്നാണ്. അടക്കാകുണ്ട് ക്രസന്റ് സ്കൂളിൽ നിന്നും sslc ക്ക് ശേഷം പുല്ലങ്കോട് സ്കൂളിൽ നിന്നും പ്ലസ് ടു കരസ്ഥമാക്കി. ശേഷം മമ്പാട് MES കോളേജിലെ Bsc Food Technology പഠന ശേഷം Mysore ഡിഫൻസ് ഫുഡ്‌ റിസർച്ച് ലാബിൽ നിന്നും പ്രസ്തുത കോഴ്സിന്റെ PG ഡിപ്ലോമയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും Msc പഠനവും പൂർത്തിയാക്കി. ശേഷം കോഴിക്കോട് ജില്ലയിൽ സപ്ലൈകോ ജൂനിയർ മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യവേ തൊട്ടടുത്ത അയൽവാസിയും സുഹൃത്തുമായ പാമ്പുകടിയൻ ജംഷാദിന്റെ നിരന്തര പ്രേരണയാൽ ആണ് PSc എൽ ഡി ക്ലർക് പരീക്ഷക്ക് ശ്രമിക്കുന്നതും ജോലി ലഭിക്കുന്നതും.

നാഷിദ് കളത്തുംപടിക്കല്‍

സിവില്‍ പോലീസ് ഓഫീസര്‍

2020 മുതല്‍ സര്‍വീസില്‍


2020 ഡിസംബർ 17 നാണ് നാഷിദ് സിവിൽ പോലീസ് ഓഫീസറായി സർക്കാർ സർവീസിൽ പ്രവേശിച്ചത്. കളത്തും പടിക്കല്‍ ഹംസയുടെയും പറച്ചിക്കോടന്‍ റംലത്തിന്റെയും മകനായ നാഷിദ് നാലാം തരം വരെ പള്ളിശ്ശേരി GLP സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് പ്ലസ്ടു വരെ അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂളിലും പഠിച്ചു. മഞ്ചേരി യതീഖാന ITI ൽ നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് PSC കോച്ചിങ്ങിന് പോയത്. പറച്ചിക്കോടൻ ശരീഫ്, സർക്കാർ ജീവനക്കാരായ ജംഷാദ്, മുജീബ് തുടങ്ങിയവരുടെ പ്രേരണയും പ്രോത്സാഹനവും സർക്കാർ ജോലി ലഭിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയിൽ ട്രെയിനിംഗ് ചെയ്ത് കൊണ്ടിരിക്കുകയാണ് നാഷിദ് ഇപ്പോൾ.