പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ലോട്ടസ് ക്ലബ്ബ്

1960 കളുടെ തുടക്കത്തിൽ പള്ളിശ്ശേരിയിൽ നിലനിന്നിരുന്ന ടീമായിരുന്നു മണിയണ്ടൻ ടീം. പാപ്പറ്റ കുഞ്ഞഹമ്മദാക്കന്റെ വീടിന് ബാക്ക് വശമുള്ള പാടത്തായിരുന്നു മണിയണ്ടൻ ടീം കളിച്ചിരുന്നത്. പൂതനാലി മൊയ്തീൻ, വാഴപ്ര അലവി, വാഴപ്ര അബ്ദുള്ള, കുട്ടശ്ശേരി അബ്ദു, തോളൂരൻ മുഹമ്മദ്, തോളൂരൻ അക്കായി, പാമ്പൻകാടൻ ബീരാൻ, VKS തങ്ങൾ, പുഴുത്തുണ്ണി ആലി, പാലേങ്ങര കുട്ടിമാൻ,ചുണ്ടിയൻമൂച്ചി ഹുസൈൻ, അടങ്ങൻ പുറവൻ ഹംസ തുടങ്ങിയവരായിരുന്നു അക്കാലത്തെ കളിക്കാർ. പ്രദേശത്തെ ഏറ്റവും പേര് കേട്ട കളിക്കാരനായിരുന്നു അടങ്ങൻ പുറവൻ ഹംസ. എറണാംകുളത്തെ ബീഡിതൊഴിലാളിയായിരുന്ന അദ്ദേഹം അവിടെ നിരവധി മത്സരങ്ങളിൽ കളിച്ചിരുന്നു. കാളികാവ് ടീമിന് വേണ്ടിയും ഏറെക്കാലം അദ്ദേഹം കളിച്ചിട്ടുണ്ട്.

1970 കളിലാണ് ലോട്ടസ് ക്ലബ്ബിന്റെ തുടക്കം. ടൂർണമെന്റുകൾക്ക് പകരം മാച്ച് കളികളായിരുന്നു അന്ന് നടന്നിരുന്നത്. 1974 ൽ പുല്ലങ്കോട് വെച്ച് ആദ്യമായി ഒരു ടൂർണമെന്റ് നടന്നപ്പോൾ അതിലേക്ക് പേര് കൊടുക്കാനാണ് ടീമിന് ഒരു പേര് അത്യാവശ്യമായി വന്നത്. പുല്ലങ്കോട് സ്‌കൂളിൽ തന്റെ സ്പോർട്സ് ഗ്രൂപ്പ് 'ലോട്ടസ്' ആയതിനാൽ കെ.കെ കുഞ്ഞാൻ അതേ പേര് തന്നെ ടീമിന് നിർദ്ദേശിച്ചു. പുല്ലങ്കോടിന്‌ പുറമെ ചുള്ളിയോട്, കരുളായി, വാണിയമ്പലം, തുവൂർ, നീലാഞ്ചേരി, വണ്ടൂർ തുടങ്ങി നിരവധി ഗ്രൗണ്ടുകളിൽ പിന്നീട് ലോട്ടസ് ടീം കളിച്ചു. വളരെ മികച്ച ടീം തന്നെ അക്കാലത്ത് പള്ളിശ്ശേരിക്കുണ്ടായിരുന്നു. എക്കാലത്തും പള്ളിശ്ശേരി കരുത്ത് മികച്ച ഗോൾ കീപ്പർമാരായിരുന്നതിനാൽ പ്രദേശത്തെ പല നല്ല കളിക്കാരും ലോട്ടസ് ക്ലബ്ബിൽ കളിക്കാൻ താൽപര്യം കാണിച്ചിരുന്നു.

പാലേങ്ങര ഹംസ, പൂവ്വത്തിക്കൽ വീരാൻ മുസ്ലിയാർ, അഷ്‌റഫ് ഇണ്ണി, പട്ടാണി അഷ്‌റഫ്, പുഴുത്തുണ്ണി ഉമ്മര്‍, കുട്ടശ്ശേരി അബ്ദു, അടങ്ങൻ പുറവൻ ഹംസ, ആലിച്ചത്ത് അലവി, നരി ഉമ്മർ, കൂളി അസൈനാർ, നാരായണന്‍ തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ പ്രധാന കളിക്കാർ. ക്ലബ്ബിന്റെ തുടക്കം മുതൽ വളരെ കാലം കെ.കെ കുഞ്ഞാൻ ഗോളിയായി തുടർന്നു. പിന്നീട് കുട്ടശ്ശേരി കരീം, കുന്നത്ത് ഹംസ, വള്ളിയിൽ ബഷീർ തുടങ്ങി മികച്ച ഗോൾകീപ്പർമാർ ലോട്ടസ് ക്ലബ്ബിന്റെ വല കാത്തിട്ടുണ്ട്. 80 കളുടെ തുടക്കത്തിൽ പൂക്കോടൻ കുഞ്ഞാണി, വാഴപ്ര ഉമ്മർ, വാഴപ്ര ഖാദർ , പാപ്പറ്റ നാസർ, കുയ്യംപൊയിലൻ മാനു, പൊട്ടേങ്ങൽ കുഞ്ഞാലി, പൂവ്വത്തിക്കൽ ഇബ്രാഹിം, പൂതൻകോടൻ സൈഫുദ്ധീൻ തുടങ്ങിയവർ ടീമിലേക്കെത്തി. അതിനടുത്ത കാലഘട്ടത്തിൽ പുളിയക്കോടൻ സിറാജ്, പാപ്പറ്റ സജിൽ, അടങ്ങൻ പുറവൻ അബ്ദുള്ള, വാരിയകുണ്ടിൽ അസീസ്, പൂക്കോടൻ കുഞ്ഞിപ്പ, പൊട്ടേങ്ങൽ മൂസ, പരമു, കുട്ടശ്ശേരി ഷാജഹാൻ, പുളിയക്കോടൻ നാസർ തുടങ്ങിയവർ ടീമിലേക്കെത്തി. പിന്നീട് വികെഎസ് സിറാജ്, പൂതൻകോടൻ കുഞ്ഞിപ്പ, ഉദയൻ, അടങ്ങൻ പുറവൻ മുഹമ്മദ് തുടങ്ങിവർ ടീമിലേക്കെത്തിയെങ്കിലും ലോട്ടസ് ക്ലബ്ബിന്റെ പ്രതാപ കാലം അപ്പോഴേക്കും അവസാനിച്ചിരുന്നു. പ്രാദേശികമായ രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളിൽ പെട്ട് വിഭാഗീയത രൂപപ്പെടുകയും യംഗ് ചലഞ്ചേഴ്‌സ് എന്ന പേരിൽ പുതിയ ക്ലബ്ബ് രൂപപ്പെടുകയും ചെയ്തപ്പോൾ പള്ളിശ്ശേരിയുടെ കായിക മേഖലയിൽ നിന്ന് ലോട്ടസ് ക്ലബ്ബ് അപ്രത്യക്ഷമായി തുടങ്ങി.