പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

എന്റെ പള്ളിശ്ശേരി

മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായ ഐക്യത്തിലൂടെ പള്ളിശ്ശേരിയുടെ വികസനം ലക്ഷ്യമാക്കി 'എന്റെ പള്ളിശ്ശേരി' എന്ന പേരിൽ രൂപീകരിക്കപ്പെട്ട കൂട്ടായ്മ 2018 നവംബർ 1 ന് കേരളപ്പിറവി ദിനത്തിലാണ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. ജിദ്ദയിലെയും റിയാദിലെയും പ്രവാസികൾ മുൻകൈ എടുത്ത് മറ്റു പ്രവാസികളുമായും നാട്ടിലെ സജീവ പൊതു പ്രവർത്തകരുമായും കൂടിയാലോചിച്ചാണ് കൂട്ടായ്‌മക്ക് രൂപം നൽകിയത്. പ്രാഥമിക ചർച്ചയിൽ പങ്കെടുത്ത 38 ആളുകളെ ചേർത്ത് ഒക്ടോബർ 8 ന് അഡ്മിൻ ഗ്രൂപ്പ് ഉണ്ടാക്കി. ഒക്ടോബർ 15 ന് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയെങ്കിലും എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ ടെലെഗ്രാമിലേക്ക് മാറാൻ തീരുമാനിക്കുകയും ഒക്ടോബർ 16 ന് ടെലെഗ്രാം ഗ്രൂപ്പ് പ്രവർത്തനം തുടങ്ങുകയും ചെയ്തു. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ 31 ന് കൂട്ടായ്മയുടെ വിളംബര ജാഥ നടത്തുകയും പള്ളിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ 4 ഫ്ലെക്സുകൾ വെക്കുകയും ചെയ്തു. നവംബർ 1 ന് കൂട്ടായ്‌മ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. ഏതാനും മാസങ്ങൾക്ക് ശേഷം പ്രവർത്തനം ശക്തിപ്പെടുത്താൻ വേണ്ടി മാർച്ച് 4 ന് വീണ്ടും കൂട്ടായ്‌മ പ്രവർത്തനം വാട്സാപ്പിലേക്ക് മാറ്റി.

പള്ളിശ്ശേരിയുടെ വിരിമാറിലെ ഉണങ്ങാത്ത മുറിവായി മാറിയ പഴയ വായനശാലക്ക് പകരം അവിടെ റീഡിംഗ് കോർണർ സ്ഥാപിക്കുകയെന്ന ദൗത്യമാണ് ഏറ്റവുമാദ്യം കൂട്ടായ്മ ഏറ്റെടുത്തത്. എല്ലാവരുടെയും സഹകരണത്തോടെ 2 ലക്ഷം രൂപ ചെലവിൽ വൈദ്യുതി കണക്ഷനും CCTV കാമറയുമടക്കമുള്ള സൗകര്യങ്ങളോടെ റീഡിംഗ് കോർണർ പണി കഴിപ്പിച്ചു. 2019 മെയ് 5 ന് മഹല്ല് ഖാസി ഉമ്മർ ബാഖവിയാണ് റീഡിംഗ് കോർണർ നാടിന് സമർപ്പിച്ചത്. പൊതുയോഗത്തിൽ പ്രശസ്ത ട്രെയിനർ ശിഹാബ് പൂക്കോട്ടൂർ, ഗിരീഷ് മരങ്ങേലത്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

വീട് ജപ്തി നേരിടേണ്ടി വന്ന കൊമ്പൻ ആസ്യ അടക്കം നിരവധി പാവപ്പെട്ട മനുഷ്യർക്ക് കൂട്ടായ്‌മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ തണലേകി. SSLC ട്യുഷൻ, ഓൺലൈൻ ഈദാഘോഷം, ഫോട്ടോഗ്രാഫി മത്സരം, അവാർഡ് ദാനം, CAA-NRC വിരുദ്ധ പ്രതിഷേധ റാലി, മടങ്ങി വന്ന പ്രവാസികൾക്ക് ക്വറന്റിൻ ഒരുക്കൽ, കുടിവെള്ള വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് കൂട്ടായ്‌മ നേതൃത്വം നൽകി. 34 അംഗ അഡ്‌മിൻ ബോഡിയാണ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേതൃത്വം നൽകുന്നത്.