പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ഗവ: എല്‍.പി സ്കൂള്‍












ഗവ: എല്‍ പി സ്കൂള്‍ നിലവിൽ വരുന്നതിനു മുമ്പ് തന്നെ ഒരു സ്വകാര്യ സ്കൂള്‍ പള്ളിശ്ശേരിയിൽ പ്രവര്‍ത്തിച്ചിരുന്നു. അതിരാവിലെ പഠനം തുടങ്ങിയിരുന്ന വിദ്യാലയത്തില്‍ രാവിലെ പത്ത് മണിവരെ ഓത്തുപള്ളിയും അതിന് ശേഷം സ്കൂളായുമാണ്‌ പ്രവര്‍ത്തിച്ചിരുന്നത്. ട്രെയിനിങ്ങ് നേടിയ രണ്ട് അദ്ധ്യാപകര്‍ക്കൊപ്പം ഒരാള്‍ക്ക് കൂടെ അദ്ധ്യാപകനായി ജോലി ചെയ്യാന്‍ അക്കാലത്ത് സാധിക്കുമായിരുന്നു. മദിരാശി സര്‍ക്കാര്‍ നടത്തുന്ന എലിമെന്‍റ്‍ററി സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് (ESSLC) അഥവാ എട്ടാംക്ലാസ് പൊതുപരീക്ഷയായിരുന്നു ആദ്ധ്യാപനത്തിനുള്ള അക്കാലത്തെ യോഗ്യത. മാനേജരായിരുന്ന കരിപ്പായി ഹസ്സന്‍ കുട്ടി മുസ്ലിയാര്‍ക്ക് പുറമെ അടക്കാകുണ്ടിലെ വാലില്‍ തൊടിക മുഹമ്മദ് മാസ്റ്റര്‍ ,കാളികാവിലെ എടപ്പറ്റ കുട്ടി, മദാരി കരീം ഹാജി ,വരിയകുണ്ടന്‍ സൈതാലി, വേലായുധന്‍ മാസ്റ്റര്‍, എക്സ് മിലിട്ടറിക്കാരായിരുന്ന മൊറയൂരിലെ കിളിയന്‍ മാസ്റ്റര്‍, ആനക്കയത്തെ എം അലവി മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തില്‍ അദ്ധ്യാപനം നടത്തിയിരുന്നു.

1950ല്‍ സ്കൂള്‍ മാനേജരായിരുന്ന ഹസ്സന്‍ കുട്ടി മുസ്ലിയാര്‍ മരണപ്പെട്ടതോടെ സ്കൂളിന്‍റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലാതായി. അക്കാലത്ത് സ്കൂളില്‍ അദ്ധ്യാപകരായി ജോലി ചെയ്തിരുന്ന കിളിയന്‍ മാസ്റ്ററും, അലവി മാസ്റ്ററും എക്സ് മിലിട്ടറിക്കാര്‍ക്ക് വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വയനാട്ടിലേക്കും പോയതോടെ ആ വിദ്യാലയത്തിന് തിരശ്ശീല വീണു.പിന്നീട് ഒരു പുതിയ സ്കൂള്‍ എന്ന ആശയം കൊണ്ട് വന്നത് മദാരി ഇപ്പുമുസ്ലിയാരാണ്. ആയിടക്കാണ് അക്കാലത്ത് അമ്പലക്കടവിൽ സജീമായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ കബീര്‍ സാര്‍ പരിശോധനക്ക് എത്തിയത് . വിവരമറിഞ്ഞ് ഇപ്പു മുസ്ലിയാര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടരുമായി സംസാരിച്ചു. ആവിശ്യമായ കാര്യങ്ങള്‍ അന്വേഷിച്ച് പറയാം എന്ന് പറഞ്ഞ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ തൊട്ടടുത്ത ദിവസം വാണിയമ്പലം സ്കൂളില്‍ പരിശോധനക്ക് എത്തിയപ്പോള്‍ ആളെ വിട്ട് ഇപ്പു മുസ്ലിയാരെ വിളിപ്പിച്ച് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് 90 ഏകാദ്ധ്യാപക സ്കൂളുകള്‍ അനുവദിക്കുന്ന വിവരം അറിയിച്ചു. ഉടൻ തന്നെ ഇപ്പുമുസ്ലിയാര്‍ സ്കൂള്‍ അനുവദിച്ചു തരണമെന്നാവിശ്യപ്പെട്ട് ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ കബീര്‍ സാറിന്റെ കൈവശം ഒരു അപേക്ഷ തയാറാക്കി നല്‍കുകയും ചെയ്തു. പള്ളിശ്ശേരിയില്‍ തിരിച്ചെത്തിയ ഇപ്പു മുസ്ലിയാര്‍ കാരണവന്മാരായിരുന്ന കുന്നത്ത്വലിയ ചേക്കു കാക്ക, പൂക്കോടന്‍ അഹമ്മദ് കാക്ക, വെന്തോടന്‍ ഹൈദര്‍ ഹാജി, ചുണ്ടിയന്‍ മൂച്ചി ഉണ്ണി കമ്മു ഹാജി തുടങ്ങിയവരുമായും അന്ന് എന്‍റെ ഗ്രാമത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവ പ്രവര്‍ത്തകരായിരുന്ന എരിച്ചിപ്പള്ളി കുഞ്ഞാലന്‍ ഹാജി, പൂക്കോടന്‍ കുഞ്ഞലവി മൊല്ല, പട്ടിക്കാടന്‍ കുഞ്ഞാണി, ഞാറക്കാടന്‍ ആലി തുടങ്ങിയവരുമായും വിവരങ്ങള്‍ പങ്ക് വെച്ചു. മധുമലയുടെ താഴ്വരയില്‍ കൃഷി ചെയ്തിരുന്ന സ്വതന്ത്ര സമര സേനാനിയും കോൺഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വാണിയമ്പലത്തെ പി എന്‍ നമ്പീശനോടും സഖാവ് കുഞ്ഞാലിയോടും നാട്ടുകാർ ആവിശ്യം ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് 1955ല്‍ കാളികാവ് ജംഗ്ഷനില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനയായ അഖില മലബാര്‍ തോട്ടം തൊഴിലാളി സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ പ്രതിനിധിയായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ് പി ടി ഭാസ്ക്കര പണിക്കരും പങ്കെടുത്തിരുന്നു.ഭാസ്ക്കര പണിക്കര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരമറിഞ്ഞ ഇപ്പു മുസ്ലിയാരും, എരിചിപ്പള്ളി കുഞ്ഞാലന്‍ ഹാജിയും ചേര്‍ന്ന് സഖാവ് കുഞ്ഞാലിയുടെ കൂടെ സമ്മേളന നഗരിയില്‍ പോയി പണിക്കരുമായി സംസാരിച്ചു. സ്കൂള്‍ അനുവദിക്കാംമെന്ന് ഭാസ്ക്കര പണിക്കര്‍ ഉറപ്പ് നല്‍കി.

ഏറെ കാലത്തെ പരിശ്രമത്തിനൊടുവില്‍ സ്കൂള്‍ യഥാര്‍ത്ഥ്യമായെങ്കിലും സ്കൂള്‍ ആരംഭിക്കാനുള്ള സൗകര്യങ്ങളൊന്നും നാട്ടുക്കാര്‍ ഒരുക്കാന്‍ നാട്ടുക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അദ്ധ്യാപകനായി കൊണ്ട് പാലക്കാട്‌ മാത്തൂര്‍ സ്വദേശി ഇസ്മായിലിനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു. അദ്ധ്യാപകനായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുമായി ഇസ്മയില്‍ മാഷ് എന്‍റെ ഗ്രാമത്തില്‍ എത്തിയതോടെ നാട്ടുക്കാര്‍ ഒത്തുകൂടി. ഇപ്പു മുസ്ലിയാര്‍, എരിചിപ്പള്ളി കുഞ്ഞലന്‍ ഹാജി, പട്ടിക്കാടന്‍ കുഞ്ഞാണി, പൂക്കോടന്‍ കുഞ്ഞലവി മൊല്ല, മദാരി മുഹമ്മദ്‌ ഫസല്‍ തുടങ്ങിയവുരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇപ്പു മുസ്ലിയാരുടെ കൈവശത്തിലിരിക്കുന്നതായ വഴക്കുന്ന് റോഡിലേക്ക് തിരിയുന്ന സ്ഥലത്ത് നിലനിന്നിരുന്ന ഒസ്സാന്‍ ഇമ്പിച്ചിയുടെ ചായ മക്കാനിയില്‍ ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചു. വീടുകളില്‍ കയറിയിറങ്ങി ബെഞ്ചും മേശയും കസേരയും സംഘടിപ്പിച്ചു. അന്ന് മധുമല എസ്റ്റേററ്റിലെ റൈറ്റര്‍ മാരയിരുന്ന മാത്തുക്കുട്ടിയും, ഫിലിപ്പും നാട്ടുക്കാരെ സഹായിച്ചു. പ്രായ വിത്യാസം നോക്കാതെ കുട്ടികളെയും സംഘടിപ്പിച്ച് സ്കൂള്‍ ആരംഭിച്ചു. 1955 നവംബര്‍ 28 ന് നേരെത്തെയുണ്ടായിരുന്ന സ്വകാര്യ സ്കൂളില്‍ ആദ്ധ്യാപനം നടത്തിയിരുന്ന അടക്കാകുണ്ടിലെ വാലില്‍ തൊടിക മുഹമ്മദ് മാസ്റ്റരാണ് ഉത്ഘാടനം ചെയ്തത്.

ചായ മക്കാനിയില്‍ പ്രവര്‍ത്തിച്ച സ്കൂളിന് സ്വന്തമായി കെട്ടിടം പണിയാന്‍ സൌജന്യമായി ഭൂമി നല്‍കിയത് പൂക്കോടന്‍ അഹമ്മദ് കാക്കയായിരുന്നു. സൗജന്യമായി നല്‍കിയ എട്ട് സെന്റ്‌ സ്ഥലത്ത് കെട്ടിടം പണിയാന്‍ നാട്ടുക്കാര്‍ തീരുമാനിച്ചു അതിനായ് ഒരു കമ്മറ്റി രൂപികരിക്കുകയും ചെയ്തു. പൂക്കോടന്‍ അഹമ്മദ് കാക്ക പ്രസിഡണ്ടായി കൊണ്ടുള്ള കമ്മറ്റി മണ്ണ് കട്ടകള്‍ നിര്‍മിച്ച് കാലുകള്‍ നാട്ടി വൈക്കോല്‍ കൊണ്ട് മേഞ്ഞ് ക്ലാസ്സ് മുറികളുണ്ടാക്കി. ശ്രമദാനമായിട്ടായിരുന്നു നിര്‍മ്മാണം. മൂന്നു മാസക്കാലം ചായ മക്കാനിയില്‍ പ്രവര്‍ത്തിച്ച സ്കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. എന്നാല്‍ കെട്ടിടം പുതുക്കി പണിയാന്‍ സാമ്പത്തികമായി പ്രയാസം നേരിട്ടതോടെ ഒരു പൊതുയോഗം സംഘടിപ്പിക്കാന്‍ നാട്ടുക്കാര്‍ തീരമാനിച്ചു . വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗത്തില്‍. സി പി ഐ എം പ്രവര്‍ത്തകനായി സഖാവ് കുഞ്ഞാലിയും കോണ്ഗ്രസ് പ്രവര്‍ത്തകനായി പാലക്കാട്ട് കുഞ്ഞി കോയയും മുസ്ലിം ലീഗ് പ്രവര്‍ത്തകനായി നീലാംബ്ര മരക്കാര്‍ ഹാജിയും പുല്ലങ്കോട് എസ്റ്റേറ്റിലെ ജാക്സണ്‍ ,കേരള എസ്റ്റേറ്റിലെ മോര്‍ട്ടിമോര്‍ ,വണ്ടൂര്‍ കരുണാലയിലെ ഓട്ടന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

1957ലാണ് സര്‍ക്കാര്‍ സഹായത്തോടെ സ്കൂളിന് ആദ്യമായി കെട്ടിടം പണിഞ്ഞത് . നാഷണല്‍ എക്സ്റ്റന്‍ഷന്‍ സ്കീം (എന്‍ ഇ എസ് ) വഴി ആയിരം രൂപയാണ് സഹായമായി ലഭിച്ചിരുന്നത്. പി എന്‍ നമ്പീശനായിരുന്നു നിര്‍മ്മാണ ചുമതല. പെരുവണ്ണന്‍ വേലു ,ആശാരി ചന്തു തുടങ്ങിയവരായിരുന്നു തൊഴിലാളികള്‍. സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി അംഗങ്ങളയിരുന്ന എരിചിപ്പള്ളി കുഞ്ഞാലന്‍ ഹാജി, മതാരി മുഹമ്മദ് ഫസല്‍, അക്കരപറമ്പന്‍ അബു, മഠത്തില്‍ കുഞ്ഞലവി, ഞാറക്കാടന്‍ ആലി തുടങ്ങിയവരും നിര്‍മ്മാണ രംഗത്ത് സജീവമായിരുന്നു. പൂക്കോടന്‍ അഹമ്മദ് കാക്ക സൌജന്യമായി നല്‍കിയ ഭൂമി 1964ല്‍ കേരള ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതോടെ പുതിയ കെട്ടിടം കൂടി സര്‍ക്കാര്‍ അനുവദിച്ചു. പരുക്കന്‍ മുഹമ്മദ് എന്നയാളായിരുന്നു നിര്‍മ്മാണം ഏറ്റെടുത്തിരുന്നത് . ആവിശ്യമായ ഫണ്ടില്ലത്തതിനാല്‍ നിര്‍മ്മാണത്തില്‍ നിന്നും മുഹമ്മദ്‌ പിന്മാറിയെങ്കിലും സഖാവ് കുഞ്ഞാലി ഇടപെട്ട് പ്രവര്‍ത്തി പൂര്‍ത്തികരിപ്പിക്കുകയായിരുന്നു. കെട്ടിട നിര്‍മ്മാണ സമയത്ത് റബിഉല്‍ ഇസ്ലാം മദ്രസയിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ മാറിയതോടെ പുതിയ ക്ലാസുകള്‍ ഒരുക്കേണ്ടി വന്നു അതോടെ എട്ട് സെന്റ്‌ ഭൂമി പൂക്കോടന്‍ അഹമ്മദ് കാക്കയില്‍ നിന്നും വിലക്ക് വാങ്ങാന്‍ തീരുമാനിച്ചു.1974ല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് 1969ല്‍ പണിത കെട്ടിടത്തിന് പിറകില്‍ ചാക്കുകള്‍ വലിച്ച് കെട്ടി ഷെഡ്‌ നിര്‍മ്മിച്ചു . പാമ്പുകടിയന്‍ കുഞ്ഞാറ ഹാജി, കെ ടി കുഞ്ഞി മൊയിതീന്‍, കരിപ്പായി കരീം തുടങ്ങിയവരാണ് പ്രവര്‍ത്തിക്ക് മേല്‍ നോട്ടം നല്‍കിയിരുന്നത്. കാലങ്ങള്‍ മാറി വന്നതോടെ സ്കൂളിനും പുരോഗതിയുണ്ടായി വിവിധങ്ങളായ സര്‍ക്കാര്‍ ഫണ്ട് കൊണ്ടും നാട്ടുക്കാരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും സഹായം കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു .1997-98ല്‍ ഡി പി ഇ പി ഫണ്ട് ഉപയോഗിച്ചാണ്‌ പ്രാഥമിക ആവിശ്യ നിര്‍വഹണത്തിന് കക്കൂസ് നിര്‍മ്മിച്ചത്. സ്‌കൂളിൽ പ്രധാനദ്ധ്യാപകാനായിരുന്ന വാണിയമ്പലത്തെ കരുണാകരന്‍ മാസ്റ്ററായിരുന്നു സ്കൂളിന്‍ കിണര്‍ നിര്‍മ്മിച്ച്‌ നല്‍കിയിരുന്നത്.

പട്ടിണി നടമാടിയിരുന്ന അക്കാലത്ത് ഒരു നേരത്തെ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ സ്കൂള്‍ കമ്മറ്റി തീരുമാനിച്ചിരുന്നു. മധുമല എസ്റ്റേറ്റ് മാനേജ്മെന്‍റെ സഹായത്തോടെയാണ് ഉച്ചകഞ്ഞി വിതരണം നടത്തിയിരുന്നത്. ഭക്ഷണം നല്‍കുന്നതിനാല്‍ കുട്ടികള്‍ കൃത്ത്യമായി എത്തുകയും ചെയ്തിരുന്നു . താളികുഴിയിലെ കരുമാരോട്ടില്‍ അലവിയുടെ ഭാര്യ പാത്തുമ്മയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത് ഇവര്‍ക്ക് അസൌകര്യം വന്നപ്പോള്‍ ഒടങ്കാടന്‍ പാത്തുമ്മയും പാചകക്കാരിയായി. ഉച്ചകഞ്ഞി വിതരണം സ്ഥിരമായതോടെ പാചകക്കാരും മാറി മാറി വന്നു. തോളൂരന്‍ മുഹമ്മദ്‌ കാക്കാന്റെ ഭാര്യ കുഞ്ഞാത്തുട്ടിയും പൂക്കോടന്‍ കുഞ്ഞലവി മൊല്ലയുടെ ഭാര്യ ആമിന താത്തയും പാചകക്കാരികളായി. ആമിന താത്ത സ്കൂളില്‍ പ്യൂണായി ജോലിയില്‍ കയറിയതോടെ മകള്‍ സൈനബ പാചകക്കാരിയായി. സൈനബ അസുഖം ബാധിച്ച് കിടപ്പിലായതോടെ മകള്‍ ആരിഫ ജോലി ഏറ്റെടുത്തു.

ഏകാദ്ധ്യാപക സ്കൂളായി പ്രവര്‍ത്തനം തുടങ്ങിയ സ്കൂളില്‍ പിന്നീട് കൂടുതല്‍ ക്ലാസുകളും കൂടുതല്‍ അദ്ധ്യാപകറെയും സര്‍ക്കാര്‍ അനുവദിച്ചു പ്രഥമ അദ്ധ്യാപകന്‍ ഇസ്മയില്‍ മാഷിന് ശേഷം പി പി ഗോവിന്ദന്‍ കുട്ടി പണിക്കര്‍, മണ്ണാര്‍മല അബ്ദു സമദ് മാസ്റ്റര്‍ വണ്ടൂര്‍, സരോജിനി ടീച്ചര്‍ കൊട് വായൂര്‍, ചാണ്ടി മാസ്റ്റര്‍ തുടങ്ങിയവരയിരുന്നു ആദ്യകാല അദ്ധ്യാപകര്‍. ജി കോറോത്ത്, പി ജെ ജോസഫ്, കരുണാകരന്‍ നായര്‍, ഭാസ്കരന്‍ മാസ്റ്റര്‍, കെ ഗോപാലന്‍ മാസ്റ്റര്‍, കെ ഡി മത്തായി, പി ജി കുമാരന്‍, കെ ജെ ഗ്രേസി, പി ആയിഷ കുട്ടി, പി ശങ്കരന്‍ നായര്‍, എം കെ പ്രഭാകരന്‍ നായര്‍, കെ എം ഗോപാലകൃഷ്ണന്‍, പി എസ് ഭാസ്കരന്‍, കെ രാജകുമാര്‍, പി എന്‍ പൊന്നമ്മ, കെ ടി ഫ്രാന്‍സിസ്,ഗിരിജ ദേവി, ജോസ് മാത്യു, എ പത്മ, മുഹമ്മദ് മുബാറക്ക് തുടങ്ങിയവര്‍ സ്കൂളിലെ പ്രധാന ആദ്ധ്യപകരായി സേവനം ചെയ്തവരാണ്. അയപ്പന്‍ മാഷ്, വെന്തോടന്‍ പടിയിലെ അലോഷ്യസ് മാഷ്, അമ്പലക്കടവിലെ പോക്കാവില്‍ നൂര്‍ജഹാന്‍, കറുത്തേനിയിലെ അലവി മാഷ് തുടങ്ങിയവരും നീണ്ടക്കാലം സ്കൂളില്‍ അദ്ധ്യാപനം നടത്തിയവരാണ്. വി ഹംസ മാസ്റ്റര്‍ ആണ് നിലവിലെ പ്രധാനാധ്യാപകന്‍.

സ്ഥലം MLA എ.പി അനിൽ കുമാറിൻ്റെ 2016- 17 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 2018 മെയ് 29 ന് പുതിയ കെട്ടിടം നിർമാണം തുടങ്ങി, 2018 ഡിസംബർ 31ന് ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 4 ടോയ്ലെറ്റും ഇതോടനുബന്ധിച്ച് നിർമിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ ജനകീയ പങ്കാളിത്തത്തോടെയും ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെയും പുതിയ കെട്ടടത്തിന്റെ ഒന്നാം നിലനിർമിക്കാൻ പി.ടി.എ , എസ്, എം സി കമ്മറ്റി തീരുമാനിക്കുകയും 30/7/20 ന് പ്രവർത്തി തുടങ്ങി 12/2/21 ന് പ്രസ്തുത കെട്ടിടവും ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പറും, പി.ടി.എ പ്രസിഡണ്ടുമായ ഹാരിസ് പി.ടി യുടെ നേതൃത്വത്തിൽ ഹരിദാസൻ ചെയർമാനും കെ.വി സുലൈമാൻ കൺവീനറും കെ.പി മുഹമ്മദലി ഖജാഞ്ചിയും ആയ വിദ്യാലയ സംരക്ഷണ സമിതിയാണ് കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് സ്വരൂപിച്ചതും നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചതും.