പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

മോയിന്‍ മുസ്ലിയാര്‍

അമ്പലക്കടവിൽ ചായ കച്ചവടം ചെയ്‌ത്‌ കൊണ്ടിരിക്കുന്നതിനിടെയാണ് മോയിൻ മുസ്‌ലിയാർ ആദ്യമായി പള്ളിശ്ശേരി മഹല്ല് ഖത്തീബായി സ്ഥാനമേറ്റെടുക്കുന്നത്. മതാരി ഇപ്പു മുസ്ലിയാരായിരുന്നു അത് വരെ പള്ളി ഖത്തീബ്. പള്ളിശ്ശേരി GLPS സ്‌കൂളിന് തുടക്കം കുറിച്ചതുമായി ബന്ധപ്പെട്ടും മറ്റും ഇപ്പു മുസ്ലിയാരും പള്ളി കമ്മിറ്റിയുമായി ഉടലെടുത്ത പ്രശ്‍നങ്ങൾക്കൊടുവിൽ ഖത്തീബ് സ്ഥാനം രാജി വെച്ച് ഇപ്പു മുസ്ലിയാർ മാളിയേക്കൽ പള്ളിയിലേക്ക് പോയി. പിന്നീട് ആളെ കിട്ടാതെ വന്നപ്പോൾ ഇപ്പു മുസ്ലിയാർ തന്നെയാണ് മോയിൻ മുസ്‌ലിയാരുടെ പേര് നിർദ്ദേശിച്ചത്. സുന്ദരമായി ഓതാനും എഴുതാനും കഴിവുണ്ടായിരുന്ന മോയിൻ മുസ്ലിയാരോട് അലി ഹസൻ മുസ്‌ലിയാർ അടക്കമുള്ളവർക്ക് പ്രത്യേക താൽപര്യവുമുണ്ടായിരുന്നു. നീണ്ട 23 വർഷകാലം പള്ളിശ്ശേരിയിൽ ഖത്തീബായി അദ്ദേഹം സേവനമനുഷ്ഠിച്ചു. പള്ളിശ്ശേരി പള്ളിയുടെയും റബീഉൽ ഇസ്ലാം മദ്രസ്സയുടെയും വികസനത്തിൽ വളരെ സ്തുത്യർഹമായ പങ്ക് വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മദ്രസ്സയുടെ തുടക്കകാലത്തെ ഉസ്താദുമാരിൽ പ്രധാനിയായിരുന്നു മോയിൻ മുസ്‌ലിയാർ. പള്ളിയുടെയും മദ്രസ്സയുടെയും ഭരണപരമായ കാര്യങ്ങളിലൊക്കെ അദ്ദേഹം വളരെ സജീവമായി ഇടപെടാറുണ്ടായിരുന്നു. പള്ളിശ്ശേരിയിൽ നിന്ന് വിരമിച്ച ശേഷം മഞ്ചേരി മേലാക്കത്ത് 5 വർഷം സേവനമനുഷ്ഠിച്ചു. പിന്നീട് എടക്കര പാലേമാട് 2 വർഷവും കോഴിക്കോട് പുതിയറ 6 വർഷവും പുറക്കാട്ടിരിയിൽ 5 വർഷവും ജോലി ചെയ്തു. വീട്ടിൽ വിശ്രമ ജീവിതം നയിച്ച് കൊണ്ടിരിക്കുമ്പോൾ വീണ്ടും നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പള്ളിശ്ശേരിയിൽ ഖാളിയായി ജോലി ചെയ്യാൻ മോയിൻ മുസ്‌ലിയാർ തയ്യാറായി.