പള്ളിശ്ശേരി ബാലവാടിപ്പടിയിലെ സമ്പന്ന കുടുംബാംഗത്തിലാണ് എൻ്റെ ജനനം. നെൽകൃഷിയും കന്നുകാലികളും സ്ഥിരം ജോലിക്കാരും എല്ലാം കൂടി എപ്പോഴും നല്ല ബഹളമായിരുന്നു. കൂലിയായി നെല്ല് അളന്ന് കൊടുക്കലും കണക്ക് കൂട്ടലുമായിരുന്നു എൻ്റെ ജോലി. നാലാം ക്ലാസ്സ് കഴിഞ്ഞുള്ള പഠനത്തിന് വണ്ടൂർ പോകേണ്ട കാലഘട്ടത്തിൽ സാധിക്കുന്നിടത്തോളം വിദ്യ നേടി. നെല്ല് കൊണ്ടും കന്നുകാലികളെ കൊണ്ടും സമ്പന്നമാണെങ്കിലും ഞങ്ങളെ പോലെയുളളവർക്ക് പണം ലഭിക്കണമെങ്കിൽ നാട്ടിലെ പുല്ലങ്കോട് എസ്റ്റേറ്റ് ജീവനക്കാരെ ആശ്രയിക്കണമായിരുന്നു. അവരുടെ ശമ്പള ദിവസം ഗേറ്റിൻ്റെ മുൻപിൽ കാത്ത് നിൽക്കും കൂലിയായി കിട്ടുന്ന പണവുമായി വരുന്ന തൊഴിലാളികളെ. പകരം അവർക്ക് നെല്ലും തൈരും മോരും പിറ്റെ ദിവസം നൽകും. ഇങ്ങനെ കിട്ടുന്ന പണവുമായി കോഴിക്കോട്ടിലേക്ക് ബസ് കേറും പോളിസ്റ്റർ ഷർട്ടും തുണിയും ചെരിപ്പും വാങ്ങാൻ ... ഇതെല്ലാം ഉപയോഗിക്കുന്ന വിരലിൽ എണ്ണാവുന്നവരിൽ ചുരുക്കം പേരിൽ ഒരാളായിരുന്നു ഞാൻ.
വണ്ടൂർ-കാളികാവ് റോഡ് മണ്ണും കല്ലുമിട്ട് ഇന്ന് ബാലവാടിപ്പടിയിൽ കാണുന്ന അമ്മിക്കുട്ടി റോളറായി നിരത്തിയിരുന്നു. കുറെ തൊഴിലാളികൾ പാട്ടിൻ്റെ അകമ്പടിയോടെ റോഡിൻ്റെ ഇരുഭാഗത്തിന്നും മണ്ണെടുത്ത് വെള്ളമൊഴിച്ച് നിരപ്പാക്കും. പിന്നീട് കാക്കി ട്രൗഷറും ഷർട്ടുo യൂണിഫോം ധരിച്ച രണ്ട് പേര് റോഡിൻ്റെ സംരക്ഷകരായി എന്നും ഉണ്ടാവും. ഈ റോഡിലൂടെ പോകുന്നതാവട്ടെ കൽക്കരി ബസും. ഇതിൽ യാത്ര ചെയ്ത അനുഭവം എനിക്കുണ്ട്. നിരന്തരം കരി വാരിയിടുന്ന തൊഴിലാളി ഏത് സമയത്തും വിയർത്ത് കുളിച്ചിട്ടുണ്ടാവും. യാത്രക്കാരായ ഞങ്ങൾക്ക് ആ ചൂടേൽക്കും. പല സ്ഥലങ്ങളിലും ബസ്സിൽ നിന്ന് തെറിക്കുന്ന തിളങ്ങുന്ന കൽക്കരി കഷ്ണങ്ങളും കാത്ത് ബീഡി കത്തിക്കാൻ നിൽക്കുന്ന നാട്ടുകാരെയും കാണാം. ബസ്സ് കാളികാവിൽ സ്റ്റാർട്ട് ചെയ്താൽ നമ്മുടെ നാട്ടിലെത്തും ശബ്ദം. ഇതൊരു ബസ്സിൻ്റെ വരവിൻ്റെ അറിയിപ്പ് കൂടിയായിരുന്നു. ഒറ്റ ട്രിപ്പ് മാത്രമുള്ള ആ കൽക്കരി ബസ് സർവ്വീസിന് പകരം രണ്ട് ഡീസൽ ബസ്സുകൾ നമ്മുടെ റോഡ് കയ്യടക്കി. കുട്ടിക്കാലത്ത് പുല്ലങ്കോട് എസ്റ്റേറ്റിലേക്ക് കാളവണ്ടിയിൽ സായിപ്പന്മാരുടെ യാത്ര കൗതുകത്തോടെയും പേടിയോടെയും നോക്കി നിൽക്കുമായിരുന്നു. ബാലവാടിപ്പടി പളളി, പള്ളിശ്ശേരി പള്ളി സ്കൂൾ, ഞാൻ സൗജന്യമായി സ്ഥലം നൽകിയ അംഗൻവാടി തുടങ്ങിയവയുടെ ഒരോ ഘട്ടങ്ങളിലും ഞാനുണ്ടായിരുന്നു.
ചില സയാഹ്നങ്ങൾ എൻ്റെ വീടു മുറ്റം ആളുകളെ കൊണ്ട് നിറയും. എല്ലാവരുടെയും നിശബ്ദതയുടെ ഇടയിൽ നിന്ന് മെല്ലെ അത് ശബ്ദിക്കാൻ തുടങ്ങും; എൻ്റെ റേഡിയോ. അന്ന് റേഡിയോ കേൾക്കണമെങ്കിൽ വർഷാവർഷം സർക്കാറിലേക്ക് പണം നൽകണമായിരുന്നു. അതിന് സാധിക്കുന്ന അപൂർവ്വം കുടുംബമായിരുന്നു ഞങ്ങളുടേത്. പന്തം കൊളുത്തി നടന്ന് പോകുന്ന വിവാഹ സംഘങ്ങൾ, കൊട്ടകളും തലയിലേറ്റി നടന്ന് പോകുന്ന കച്ചവടക്കാർ, വിൽക്കാനുളള മലഞ്ചരക്കുകളുമായി മുതലാളിയെ അനുകമിക്കുന്ന ഷർട്ടില്ലാത്ത തൊഴിലാളികൾ തുടങ്ങിയവ നമ്മുടെ റോഡിലെ സ്ഥിരം കാഴ്ചയായിരുന്നു. പട്ടിണിയുടെയും വറുതിയുടെയും കാലഘട്ടത്തിലെ നാട്ടുകാരുടെ പ്രയാസങ്ങൾക്ക് സാക്ഷ്യം വഹിക്കാനും ഒരു പരിധിവരെ സഹായിക്കാനും സാധിച്ചിട്ടുണ്ട്. പ്രായം ഓർമ്മകളെയും ചിന്തകളെയും ബാധിച്ചത് കാരണം പലതും ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഈ ഉമ്മറത്തിരുന്ന് നിശബ്ദത ആസ്വദിച്ചിരുന്ന ആ കാലഘട്ടം ഇന്ന് വാഹന ശബ്ദങ്ങൾക്കും തിരക്ക് പിടിച്ച ജീവിതങ്ങൾക്കും അഭിവൃദ്ധിക്കും അനൈക്യത്തിനും അഹങ്കാരത്തിനും പൊങ്ങച്ചത്തിനും വഴി മാറിയിരിക്കുന്നു.