പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

കെ വി സുലൈമാന്‍

പള്ളിശ്ശേരിയുടെ സാംസ്ക്കാരിക കലാ സാമൂഹിക മേഖലയിലെ സജീവ സാന്നിധ്യമാണ്‌ കെ വി സുലൈമാന്‍. നിരവധി നാടകങ്ങള്‍ക്ക് ജന്മം നല്‍കി പള്ളിശ്ശേരിയുടെ നാമം പുറം നാടുകളിലും പരിചിതമാക്കിയ കലാകാരന്‍. പത്തിലധികം നാടകങ്ങളും പത്തിലധികം സംഗീത നാടകങ്ങളും രചനയും സംവിധാനവും നിര്‍വഹിക്കുകയും ചെയ്തു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഈ നാടകക്കാരന്‍ സ്കൂള്‍ കാലം മുതലെ നാടകത്തിനോടൊപ്പം ചേര്‍ന്നു നടന്നിരുന്നു. അഞ്ചച്ചവടി ഗവ: യു പി സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്ന കാലത്താണ് സുലൈമാന്‍ ആദ്യമായി നാടകം തയ്യാറാക്കുന്നത്. 'മലര്‍വാടി 'എന്ന കഥ പുസ്തകത്തില്‍ വന്ന 'അവകാശികള്‍ 'എന്ന കഥയെ ആസ്പദമാക്കിയായിരുന്നു നാടകം. നാട്ടുകാരും കൂട്ടുകാരും അദ്ധ്യാപകരും ഏറെ പ്രശംസിച്ചെങ്കിലും ആദ്യ നാടകത്തിന് അദ്ധ്യാപകനില്‍ നിന്നും കിട്ടിയത് നല്ല 'ചുട്ട' അടിയായിരുന്നു. നാടകത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുഹൃത്തുക്കള്‍ അടികൂടിയതിനെ തുടര്‍ന്നായിരുന്നു സുലൈമാന്‍ അടിവാങ്ങേണ്ടി വന്നത്. പ്രിയ അദ്ധ്യാപകന്‍ സോമന്‍ മാഷില്‍ നിന്നും കിട്ടിയ 'അടി ' സമ്മാനമായി സ്വീകരിച്ച സുലൈമാന്‍ പിന്നിട്ട കാലമത്രയും കലാ രംഗത്ത് തളരാതെ മുന്നേറി.

തന്‍റെ ചുറ്റുപാടിനെ മലീമസമാക്കുന്ന മദ്യവും, മയക്കുമരുന്നും, മത തീവ്രവാദവും, അന്ധവിശ്വാസവും, അനാചാരങ്ങളും, സ്ത്രീധനവും, ലൈഗിക അതിക്രമങ്ങളും, പുതിയ കാലത്തിന്‍റെ മുന്നേറ്റങ്ങളായ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും നാടകങ്ങളില്‍ പ്രമേയങ്ങളാവുന്നതിനാല്‍ സുലൈമാന്‍റെ നാടകങ്ങള്‍ എന്നും ജന മനസ്സുകളില്‍ ഇടം നേടി.

ഇല്ലായ്മയുടെ കറുത്ത നാളുകള്‍ മലയാളിയെ കൊണ്ടെത്തിച്ച പ്രവാസത്തെ ആസ്പദമാക്കി 1990ല്‍ 'വിസ എന്ന സ്വപ്ന' ത്തിന് തിരകഥ ഒരുക്കി. 1991ല്‍ 'കരുണയുള്ളവന്‍ കണാരന്‍ 'എന്ന നാടകവും പിന്നീട് 'കോയാക്കാന്‍റെ തലവര', സുല്‍ത്താന്‍ കുഞ്ഞാവു', ഇത് ബാപ്പുക്ക കണ്ട ഗള്‍ഫ് ', 'കജ്ജ് കായിണ്ടോ ഉജ്ജാന്‍ ആളുണ്ട് ', 'വടക്കോട്ടു ന്ത്യ തെക്കോട്ട് ബുകോ' , ബദ്ധം എന്ന കുദ്ധം' തുടങ്ങി നിരവധി സംഭാഷണ നാടകങ്ങളും 'കടം വാങ്ങി കേട്ട് താലി ', 'ആദ്യത്തെ കല്യാണം ആരംഭ കല്യാണം ', 'കുന്നോളം പൊന്നും കൊണ്ട് കുഞ്ഞോളെ കല്ല്യാണം', 'കല്ല്യാണ പൊല്ലാപ്പ് ', 'കല്ല്യാണ പുലിവാല്‍ ', 'ഹലാമത്തിന്‍റെ സലാമത്ത് ', 'ചെയ്ത്തന്‍ മാരുടെ ദുനിയാവ് ', ' ഓട്ടമുക്കാല്‍ ', 'അലാവുദ്ധീനും അറബി പൊന്നും' തുടങ്ങിയ സംഗീത നാടകങ്ങളും സുലൈമാന്‍റെ രചനയില്‍ പിറവി കൊണ്ടവയാണ്. വര്‍ഷത്തില്‍ ഒരു നാടകമെന്ന രീതിയില്‍ മാപ്പിള പാട്ടിന്‍റെ ഈരടികളില്‍ രചിക്കുന്ന സംഗീത നടകങ്ങള്‍ ഏറെ ജനപ്രിയമുള്ളവയാണ്. 'ഇനിയെത്രദൂരം' എന്ന ഓഡിയോ സി ഡി ക്ക് വേണ്ടി സുലൈമാന്‍ ഗാനങ്ങള്‍ രചിച്ചിരുന്നു.

കള്ളിവളപ്പില്‍ മൂസ്സണ്ണി ഹാജിയുടെയും പൂതനാലി മറിയുമ്മയുടെയും അഞ്ചു മക്കളില്‍ മുതിര്‍ന്ന മകനാണ് സുലൈമാന്‍. കൂരാട് സ്വദേശിനി നുസ്റത്താണ് ഭാര്യ. മുഹമ്മദ്‌ ഷാമില്‍, മുഹമ്മദ്‌ ഷാദില്‍, മുഹമ്മദ്‌ ഷാനില്‍ എന്നിവര്‍ മക്കളാണ്.