പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

പട്ടിക്കാടന്‍ കുഞ്ഞാണികാക്ക

പള്ളിശ്ശേരിയുടെ മത- രാഷ്ട്രീയ മേഖലയില്‍ നിറഞ്ഞാടിയ അതുല്യ പ്രതിഭയായിരുന്നു പട്ടിക്കാടന്‍ മുഹമ്മദ്‌ എന്ന പള്ളിശ്ശേരിക്കാരുടെ കുഞ്ഞാണി കാക്ക. സ്നേഹവും സൗഹൃദവും ജീവിതത്തിന്‍റെ അടയാളമാക്കി പ്രവര്‍ത്തിച്ച പൊതു പ്രവര്‍ത്തകന്‍. കിഴക്കന്‍ ഏറനാട്ടില്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത പോരാളി. പട്ടിക്കാടന്‍ ബീരാന്‍കുട്ടി യുടെ മകനായിട്ടാണ് കുഞ്ഞാണി കാക്കയുടെ ജനനം. പട്ടാളക്കാരനായിരുന്ന പിതാവിന്‍റെ വീറും വാശിയും ആത്മാര്‍ത്ഥതയും മകനിലേക്കും പകര്‍ന്ന് കിട്ടിയിരുന്നു. ചെറു പ്രായം മുതലെ പൊതു പ്രവര്‍ത്തന രംഗത്ത് താല്‍പ്പര്യം കാണിച്ചിരുന്ന കുഞ്ഞാണി മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകനായിട്ടാണ് പൊതു രംഗത്ത് സജീവമാവുന്നത്. മദ്രസ അദ്ധ്യാപകനായിരുന്ന കുഞ്ഞാണി കാക്ക ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു. മുസ്ലിം ലീഗിന്‍റെ സമുന്ന നേതാക്കളായിരുന്ന പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങളുമായും മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന സി എച്ച് മുഹമ്മദ്‌ കോയയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുഞ്ഞാണി കാക്ക ലീഗ് പൊതുയോഗങ്ങളിലെ സ്ഥിരം പ്രഭാഷകനായിരുന്നു.

ലീഗ് രാഷ്ട്രീയ നിലപാടില്‍ അടിയുറച്ച് വിശ്വസിക്കുകയും ശക്തമായി പോരാടുകയും ചെയ്തിരുന്ന കുഞ്ഞാണി കാക്കയുടെ ഏറ്റവും അടുത്ത ചെങ്ങാതി കിഴക്കന്‍ ഏറനാടിന്റെ വിപ്ലവ നക്ഷത്രം സഖാവ് കുഞ്ഞാലി ആയിരുന്നു. കുഞ്ഞാണി കാക്ക പ്രസംഗിക്കുന്ന മിക്ക വേദികള്‍ക്ക് എതിര്‍ ഭാഗത്ത് കുഞ്ഞാലിയുടെയും പ്രസംഗവും നടക്കാറുണ്ട്. വാക്കുകള്‍ കൊണ്ട് മുഖാമുഖം നിന്ന് പോരടിക്കുന്ന ഇരുവരും സൗഹൃദം കൈവിടാതെ സൂക്ഷിച്ചിരുന്നു . പലപ്പോഴും ഒരു വാഹനത്തിലാണ് ഇരുവരും യോഗ സ്ഥലത്തേക്ക് പോയിരുന്നതായി പഴമക്കാര്‍ പറയുന്നു.

തുവ്വൂര്‍, അഞ്ചച്ചവടി, ചോക്കാട്,വയനാട് ജില്ലയിലെ മീനങ്ങാടി, പുല്ലുമല എന്നിവടങ്ങളിലായിരുന്നു മദ്രസ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നത്. ദാരിദ്ര്യം കുടുംബത്തിനെ കണ്ണീരാലായ്ത്തിയത്തുമ്പോഴും ആശയത്തെ മാറോട് ചേര്‍ത്തി ജീവിതത്തോട് പോരാടാന്‍ പഠിപ്പിച്ച പട്ടിക്കാടന്‍ കുഞ്ഞാണിയെന്ന സാമുഹിക സേവകനെ എന്‍റെ ഗ്രാമത്തിന് നഷ്ടമായത് 1975ജനുവരി 30 നായിരുന്നു. പാത്തുമ്മകുട്ടി യാണ് സഹധര്‍മ്മിണി. അബ്ദുല്‍ കമാല്‍, റംലത്ത്, സാബിറ, അബ്ദുല്‍ മജീദ്‌ എന്നിവരാണ്‌ മക്കള്‍.