പാത്ര കച്ചവടം ഒരു കാലഘട്ടത്തില്‍ പള്ളിശ്ശേരിയിലെ പ്രധാന തൊഴിലായിരുന്നു. അലുമിനിയം പാത്രങ്ങള്‍ വലിയ കൊട്ടകളിലാക്കി തല ചുമടായി കൊണ്ട് നടന്നായിരുന്നു കച്ചവടം ചെയ്തിരുന്നത്. എന്‍റെ ഗ്രാമത്തിലെ ഭൂരിഭാഗം കുടുംബത്തിലുള്ളവരും കൊട്ടകച്ചവടം നടത്തിയവരാണ്. അന്നം തേടി അറബ് നാടുകളിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പായിരുന്നു കൊട്ടകച്ചവടം രംഗത്ത് സജീവമായിരുന്നത്. സ്ഥിരമായി വരുമാന മാര്‍ഗ്ഗം കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന അക്കാലത്തെ ചെറുപ്പക്കാര്‍ക്ക് മുമ്പില്‍ പാത്രകച്ചവടം ഒരു ജീവിത മാര്‍ഗ്ഗമാക്കാന്‍ ഉപദേശിച്ചത് അരീക്കോട് സ്വദേശി സി പി കുഞ്ഞിമുഹമ്മദായിരുന്നു. പാത്ര കച്ചവടത്തിനായി ഇവിടെ എത്തിയിരുന്ന സി പി കുഞ്ഞിമുഹമ്മദ് ആളുകളോട് ഏറെ പരിചയപ്പെടാനും നാട്ടുകാരോട് കൂടുതല്‍ അടുക്കാനും കഴിഞ്ഞിരുന്ന ഒരു കച്ചവടക്കാരനായിരുന്നു. അത് കൊണ്ട് തന്നെ അങ്ങാടിയില്‍സ്ഥിരമായി ഉണ്ടാവാറുള്ള ചെറുപ്പക്കാരുമായി ഏറെ ബദ്ധം സ്ഥാപിക്കാന്‍സാധിച്ച കുഞ്ഞിമുഹമ്മദ് പാത്രകച്ചവടത്തിന്റെ വഴികള്‍ അവർക്ക് പരിചയപ്പെടുത്തി അത് വഴി കൂടുതല്‍ ചെറുപ്പക്കാരെ ഈ രംഗത്തേക്ക് കൊണ്ട് വരികയും ചെയ്തു.
കുട്ടയില്‍ നിറച്ച പാത്രങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് പോവുന്ന ബസ്സുകളുടെ മുകളില്‍ കയറ്റി ദൂര ദേശങ്ങളില്‍ എത്തിക്കും. എന്നിട്ട് അവിടെയുള്ള വീടുകള്‍ തോറും തലച്ചുമടായി കൊണ്ട് നടന്നായിരുന്നു വില്പന നടത്തിയിരുന്നത്. പ്രധാനമായും നിലമ്പൂര്‍, പൂക്കോട്ടുംപ്പാടം, പാണ്ടിക്കാട്, കരുവാരകുണ്ട്, തുവ്വൂര്‍ തുടങ്ങിയവടങ്ങളിലും മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, പട്ടാമ്പി തുടങ്ങിയവടങ്ങളിലും കച്ചവടം നടത്തിയിരുന്നു. പഴയ അലുമിനിയം പാത്രങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പാത്ര കച്ചവടത്തില്‍ നാട്ടുകാര്‍ സജീവമായതോടെ 'കൊട്ടക്കാരുടെ നാട് ''എന്ന വിളിപ്പേരും അക്കാലത്ത് നിലനിന്നിരുന്നു. ചെറിയാലിച്ചത്ത് മോയ്തുപ്പ, പൂതനാലി നാണിപ്പ എന്ന മുഹമ്മദ്, കുട്ടശ്ശേരി ഹംസ, സഹോദരന്‍ ഉമ്മര്‍, പൂതന്‍ക്കോടന്‍ മുഹമ്മദാലി, സഹോദരന്‍ സൈഫുദ്ദീന്‍, ചുണ്ടിയന്‍മൂച്ചി അഹമ്മദുണ്ണി, പൂക്കോടന്‍ അബ്ദുല്‍ മജീദ് എന്ന വാപ്പനു, പൂക്കോടന്‍ കുഞ്ഞാണി, പട്ടിക്കാടന്‍ കമാല്‍, വാഴപ്ര അലവി, പറചിക്കോടന്‍ മുഹമ്മദ് എന്ന മാനൂ, പുളിയക്കോടന്‍ അബ്ദുല്‍ മജീദ് എന്ന മാനു, പൂതനാലി ഹുസൈന്‍ തുടങ്ങിയവരായിരുന്നു ഈ രംഗത്ത് സജീവമായിരുന്നത്. 90കളില്‍ ഗള്‍ഫ് കുടിയേറ്റം സജീവമായതോടെ പത്രകച്ചവട രംഗത്ത് നിന്നും ആളുകള്‍ പിന്മാറി കൂടുതല്‍ പേരും ഗള്‍ഫിലേക്ക് കടക്കാന്‍ തുടങ്ങിയതോടെയാണ് ഈ രംഗത്ത് ഒരു മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയത്.