കിഴക്കന്‍ ഏറനാടില്‍ നിന്നും ആദ്യമായി പ്രവാസത്തിലേക്ക് കുടിയേറി പ്രവാസത്തിന്റെ വലിയ സാധ്യതകളിലേക്ക് വഴികാട്ടിയായ വ്യക്തിയാണ് മദാരി കരീം ഹാജി. കുടുംബത്തിന്‍റെ ദുരിതം മാറ്റാനായ് മലയോര മേഖലയില്‍ നിന്നും ആദ്യമായി കടല്‍ കടന്ന മദാരി അഹമ്മദ് അബ്ദുല്‍ കരീം എന്ന കരീം ഹാജി എന്‍റെ ഗ്രാമത്തിന്‍റെ മത സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന മദാരി കുഞ്ഞി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാരുടെയും വണ്ടൂര്‍ സ്വദേശിനി പാലക്കാപ്പള്ളി കദിയകുട്ടിയുടെയും മകനാണ്. 1925 ലായിരുന്നു കരീം ഹാജിയുടെ ജനനം. പഠന രംഗത്ത് ഏറെ മികവ് കാണിച്ച കരീം ഹാജി അക്കാലത്ത് ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ പ്രധാനിയായിരുന്നു. ESSLC വരെ (ഇന്നത്തെ എട്ടാം തരം) പഠിച്ച കരീം ഹാജിക്ക് കുടുംബത്തിന്‍റെ ജീവിത സാഹചര്യം കൊണ്ട് പഠനം അവസാനിപ്പിക്കേണ്ടിവന്നു. 1952ല്‍ ബോംബയിലേക്ക് വണ്ടികയറിയ കരീം ഹാജി ഹാജിമാരുടെ സഹായായി ജോലി ചെയ്തു. തുടര്‍ന്ന് 1955ല്‍ സൗദി അറേബ്യ യില്‍ എത്തി . നീണ്ട മൂന്ന് പതിറ്റാണ്ട് കാലം സൗദിയില്‍ ജോലിചെയ്ത കരീം ഹാജി ഇന്ത്യന്‍ എംബസി ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. അക്കാലത്ത് മലബാര്‍ മേഖലയില്‍ നിന്നും ഹജ്ജിന് പോവുന്ന ഹാജിമാരുടെ പ്രധാന ആശ്രയവും കരീം ഹാജിയായിരുന്നു. 1985 ല്‍ പ്രവാസം അവസാനിപ്പിച്ചു. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ കരീം ഹാജി നാട്ടിലെ പൊതു വേദികളില്‍ സജീവമായി നാടിന്‍റെ വിദ്യഭ്യാസ മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ചു .1987 മെയ് മാസം 23 നായിരുന്നു കരീം ഹാജിയുടെ മരണം. പൂക്കോട്ടുംപ്പാടം സ്വദേശിനി ചുങ്കത്ത് നഫീസയായിരുന്നു ആദ്യ ഭാര്യ. കുടുംബത്തോടൊപ്പം ചുള്ളിയോട് താമസിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത് അത് കൊണ്ട് തന്നെ ചുള്ളിയോട് ജുമാ മസ്ജിദിലാണ് ഈ പ്രഥമ പ്രവാസി അന്ത്യ വിശ്രമം കൊള്ളുന്നതും. കാളികാവ് ബസാര്‍ സ്കൂള്‍ അദ്ധ്യാപകനായിരുന്ന അഷ്‌റഫ് ഉള്‍പ്പെടെ നഫീസയില്‍ എട്ടു മക്കളും തിരൂര്‍ സ്വദേശിനിയില്‍ അഞ്ചു മക്കളുമുണ്ട്.