പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ഇസ്മായിൽ മാസ്റ്റർ

പള്ളിശ്ശേരി GLP സ്‌കൂളിലെ പ്രഥമ അധ്യാപകനായിരുന്നു ഇസ്മായിൽ മാസ്റ്റർ. 1933 ജൂണ്‍ മാസം 30 ന് പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമത്തിലാണ് ജനനം. കോട്ടായി ബോര്‍ഡ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ശേഷം വി വി പി സ്കൂളിൽ ഹൈസ്കൂള്‍ പഠനവും പൂർത്തിയാക്കി. ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന മാസ്റ്റര്‍ ഹൈസ്കൂള്‍ പഠനം കഴിഞ്ഞതോടെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഗാന്ധി സേവാ സദനത്തില്‍ ചേര്‍ന്ന് പട്ടുനൂല്‍ നെയ്ത് അഭ്യസിച്ചു. നെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ സമയത്താണ് സുഹൃത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. അക്കാലത്ത് തീരെ സ്കൂളുകള്‍ ഇല്ലാത്ത മേഖലയില്‍ സ്കീം റ്റു പ്രൊവൈഡ് റിലീഫ് റ്റു ദി എജുക്കേറ്റഡ് ആന്‍ എംപ്ലോയ്മെന്‍റ് എന്ന പേരില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നു. ശ്രീ പി ടി ഭാസ്കരപ്പണിക്കരായിരുന്നു അന്ന് ബോര്‍ഡ് പ്രസിഡണ്ട്. അദ്ധ്യാപക ജോലിക്ക് അപേക്ഷിച്ച മാസ്റ്റര്‍ക്ക് ഏറെ കാലം കാത്തിരിക്കേണ്ടി വന്നിരുന്നില്ല. 1955 നവംബര്‍ മാസം 17 ന് നിയമന ഉത്തരവ് ലഭിച്ചു. തുടര്‍ന്ന് 27ന് മഞ്ചേരി എ ഇ ഒ ഓഫീസിലും കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡ് ഓഫീസിലും ഹാജരായി സ്കൂള്‍ ആരംഭിക്കുന്നതിനാവിശ്യമായ റിക്കാര്‍ഡുകളും മറ്റ് സാമഗ്രികളും കൈപ്പറ്റി നേരെ പള്ളിശ്ശേരി ലക്ഷ്യമാക്കി യാത്ര തിരിച്ചു. മഞ്ചേരിയില്‍ നിന്ന് കിഴക്കേ പാണ്ടിക്കാട് വഴിയാണ് കാളികാവിലെത്തിയത്. കാളികാവിലെ ലോഡിംഗ് തൊഴിലാളിയായിരുന്ന 'ചുണ്ണ മുഹമ്മദിന്‍റെ' സഹായത്തോടെ കാല്‍ നടയായി പള്ളിശ്ശേരിയിലെത്തി. ബാലവാടിപടിക്ക് സമീപത്തെ കുയ്യംപൊയിലന്‍ പോക്കരുടെ ചായ മക്കാനിയിലാണ് അവർ എത്തിയത്. വിവരമറിഞ്ഞ് ഇപ്പു മുസ്ലിയാര്‍, എരിചിപ്പള്ളി കുഞ്ഞാലന്‍ ഹാജി, പട്ടിക്കാടന്‍ കുഞ്ഞാണി, പൂക്കോടന്‍ കുഞ്ഞലവി മൊല്ല, കുന്നത്ത് അബു മുസ്ലിയാര്‍, മദാരി മുഹമ്മദ് ഫസല്‍, ഞാറക്കാടന്‍ ആലി, മടത്തില്‍ കുഞ്ഞലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി. നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂള്‍ ആരംഭിക്കാനുള്ള സൌകര്യം ഒരുക്കി പിറ്റേന്ന് നവംബര്‍ 28 ന് തന്നെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം 1961 ജൂണ്‍ മാസം 19 ന് ജന്മനാടിന് ചേര്‍ന്നുള്ള പുളിനെല്ലി ഗവണ്മെന്റ് എല്‍ പി സ്കൂളിലേക്ക് സ്ഥലം മാറി പോയി. മദാരി ഇപ്പു മുസ്ലിയാരുടെ മകള്‍ ഫാത്തിമയാണ് സഹധര്‍മ്മിണി. 2016 സെപ്റ്റംബര്‍ മാസം 12ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.