പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

അലിഹസന്‍ മുസ്ലിയാര്‍

പള്ളിശ്ശേരിയുടെ മതരംഗത്ത് ഏറെ സ്വാധീനം ചെലുത്തിയ സൂഫിവര്യനായിരുന്നു അലി ഹസന്‍ മുസ്ലിയാര്‍. 1895ല്‍ കൊടശ്ശേരിയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ഈ മഹാ പണ്ഡിതന്റെ ജനനം . ചുള്ളികുളവന്‍ ഉണ്ണികോയയുടേയും ഫാത്തിമയുടെയും മകനായി പിറന്ന അലി ഹസന്‍ മുസ്ലിയാര്‍ പിതാവിനെ പോലെ ചെറു പ്രായത്തില്‍ തന്നെ കൃഷിയോട് അടുപ്പം കാണിച്ചു. മര്‍ഹും മഞ്ചേരി വലിയ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ ശിഷ്യനായിട്ടാണ് മത പഠനം ആരംഭിച്ച ത്. പഠന രംഗത്ത് സജീവമായതോടെ കൊടശ്ശേരിയില്‍ നിന്നും കുട്ടശ്ശേരിയിലേക്ക് താമസം മാറ്റി. അവിടെ നിന്ന് പള്ളിശ്ശേരിയിലേക്കും. മഞ്ചേരി, നിലമ്പൂര്‍, തോടികപ്പുലം, കുട്ടശ്ശേരി, പള്ളിശ്ശേരി, പരിയങ്ങാട്, കിടങ്ങഴി, കാളികാവ്, പൂക്കോട്ടും പ്പാടം, ചോക്കാട് തുടങ്ങിയവടങ്ങളില്‍ പള്ളികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മണ്ണിനേയും മനുഷ്യനേയും സ്നേഹിച്ച മുസ്ലിയാര്‍ പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെയും ഒരു പോലെ സ്നേഹിച്ചിരുന്നു. ജോലി ചെയുന്ന പള്ളി യുടെ സമീപത്തുള്ള 'പള്ളികുളത്തിലെ ' മീനുകള്‍ക്കും , ഉറുമ്പുകള്‍ക്കും പക്ഷികള്‍ക്കും മുസ്ലിയാരുടെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് വീതി ച്ചുനല്‍കിയിരുന്നു. കറാമത്തുകള്‍ (അമാനുഷിക കഴിവ് ) ഉള്ള ഒരാളായിരുന്നു മുസ്ലിയാര്‍ എന്നും പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. സുബഹി നമസ്ക്കാരത്തിനായി 'പാനീസി 'ന്‍റെ നേരിയ വെട്ടത്തില്‍ പള്ളിയിലേക്ക് പോവുന്ന വഴി പാമ്പിന്റെ കടിയേറ്റു. എന്നാൽ കടിച്ചത് എന്താണെന്നറിയാതെ പള്ളിയിലേക്ക് നടന്ന് നീങ്ങിയ മുസ്ലിയാര്‍ പള്ളിയില്‍ ഉള്ളവരോട് സംഭവം പറഞ്ഞു. എന്നാല്‍ മുസ്ലിയാരെ കടിച്ചതിനെ തേടിയെത്തിയവര്‍ക്ക് കാണാനായത് ചത്ത് കിടക്കുന്ന സര്‍പ്പത്തെ ആയിരുന്നെത്രെ .! ജീവിതം ദൈവത്തിലേക്ക് (അല്ലാഹുവിലേക്ക് ) അര്‍പ്പിച്ച് ദിക്ക്റും സ്വലാത്തുമായി കഴിഞ്ഞ് കൂടിയ മുസ്ലിയാരുടെ കറാമത്തിന്റെ ഫലമായിട്ടാണ് പഴമക്കാർ ആ സംഭവത്തെ കാണുന്നതും വിശ്വസിക്കുന്നതും.

ഒരു നാടിനൊന്നാകെ ഇസ്ലാമിക ബോധം പകര്‍ന്നു നല്‍കി നാടിന്‍റെ സൂര്യ തേജസ്സായി ജ്വലിച്ചിരുന്ന മുസ്ലിയാര്‍ 1984 ഏപ്രില്‍ മാസത്തിലാണ് ലോകത്തോട് വിടപറഞ്ഞത്. ആമിന, സൈനബ എന്നിവരാണ്‌ മുസ്ലിയാരുടെ ഭാര്യമാര്‍. കോയ മുസ്ലിയാര്‍, അബ്ദുല്‍ കരീം മുസ്ലിയാര്‍, അബ്ദുള്ള ഹാജി, അലവി, ഖദീജ, ആയിഷ, സൈനബ എന്നിവര്‍ മക്കളുമാണ്.