പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

പള്ളിശ്ശേരി എന്ന ഗ്രാമം


കിഴക്കന്‍ ഏറനാട്ടിലെ കാളികാവ് പഞ്ചായത്തിലാണ് പ്രകൃതിരമണീയമായ പള്ളിശ്ശേരി എന്ന ഗ്രാമം. തോടും മലയും പുഴയും വയലുകളും ഹരിത ഭംഗി തീര്‍ക്കുന്ന ഈ ഗ്രാമം സഹ്യപര്‍വ്വതനിരകളോട് ചേര്‍ന്ന് നില്‍ക്കുന്നു. തെക്ക് ഭാഗത്ത് മധുമലയും പടിഞ്ഞാറും കിഴക്കും വയലുകളും അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ഗ്രാമത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് പ്രധാന ജലസ്രോതസ്സുകളായ പുഴയും തോടും ഒഴുകുന്നത്.

കാളികാവ് പഞ്ചായത്തിലെ 3, 4, 5 വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമത്തില്‍ അറുനൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. ബാലവാടിപ്പടി, പാമ്പുകടിയൻമുക്ക്, സ്വലാത്ത് നഗർ, പള്ളിക്കടവ് മേഖലകൾ ഉൾപ്പെടുന്നതാണ് പള്ളിശ്ശേരി ഗ്രാമം. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ജുമുഅത്ത് പള്ളിയും RIM മദ്രസ്സയും ജി എല്‍ പി സ്കൂളുമാണ് പ്രധാന സ്ഥാപനങ്ങള്‍. വണ്ടൂര്‍-കാളികാവ് റോഡാണ് ഗ്രാമത്തിലൂടെ കടന്ന് പോകുന്ന പ്രധാന റോഡ്‌. അമ്പലക്കടവ് വഴി ഉദിരംപൊയിലിലേക്കും പാമ്പുകടിയന്‍ മുക്ക് വഴി കുറുപൊയിലിലേക്കും പോകുന്ന റോഡുകളാണ് മറ്റ് രണ്ട് പ്രധാന റോഡുകള്‍. കാളികാവിലേക്ക് (കിഴക്ക്) 2.5 കിലോമീറ്ററും വണ്ടൂരിലേക്ക് (പടിഞ്ഞാറ്) 8.5 കിലോമീറ്ററും ദൂരമുണ്ട്. ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍ വാണിയമ്പലവും (6 കിലോമീറ്റര്‍) എയര്‍പോര്‍ട്ട് കോഴിക്കോടും (47 കിലോമീറ്റര്‍) ആണ്. അമ്പലക്കടവ്, വെന്തോടന്‍പടി, പുറ്റമണ്ണ, കുറുപൊയില്‍, മാളിയേക്കല്‍ എന്നിവയാണ് അയല്‍ പ്രദേശങ്ങള്‍.